| Monday, 11th August 2025, 12:15 pm

ഇസ്രഈലിലേക്കുള്ള സൗദി കപ്പലില്‍ ആയുധങ്ങള്‍ കയറ്റാന്‍ വിസമ്മതിച്ച് ഇറ്റലിയിലെ തുറമുഖ തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോം: ഇസ്രഈലിലേക്കുള്ള സൗദി കപ്പലിലേക്ക് ആയുധങ്ങളടങ്ങിയ ചരക്കുകള്‍ കയറ്റാന്‍ വിസമ്മതിച്ച് തുറമുഖങ്ങളിലെ ഡോക്ക് വര്‍ക്കേഴ്‌സ്. ഇറ്റലിയിലെ തുറമുഖ നഗരമായ ജെനോവയിലെ ഡോക്ക് വര്‍ക്കേഴ്‌സാണ് ആയുധങ്ങളടങ്ങിയ ലോഡ് കയറ്റാന്‍ വിസമ്മതിച്ചത്.

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ നിന്നുമെത്തിയ സൗദി കപ്പലായ ബഹ്രി യാന്‍ബുവിലേക്കാണ് ഇവര്‍ ചരക്കുകള്‍ കയറ്റാന്‍ വിസമ്മതിച്ചത്. ഇറ്റാലിയന്‍ കോണ്‍ഗ്ലോമറേറ്റായ ലിയനാര്‍ഡോ നിര്‍മിച്ച ആയുധങ്ങള്‍ കയറ്റാനായാണ് സൗദി കപ്പല്‍ ഇറ്റാലിയന്‍ തുറമുഖത്തെത്തിയത്. അബുദാബിക്ക് വേണ്ടി നിര്‍മിച്ച ഒട്ടോ മലേര പീരങ്കിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഈ ആയുധങ്ങള്‍ കയറ്റുന്നതിനായാണ് തൊഴിലാളികള്‍ വിസമ്മതിച്ചത്. ഒപ്പം ഇതിന്റെ ലോഡിങ് തടഞ്ഞുവെക്കുകയും ചെയ്തു. കപ്പലില്‍ ഇതിനോടകം തന്നെ ആയുധങ്ങളും വെടിക്കോപ്പുകളും കവചിത വാഹനങ്ങളും ബാറ്റില്‍ ടാങ്കുകളും ഉള്ളതായും ഇവര്‍ പരിശോധനയിയില്‍ കണ്ടെത്തി.

ആയുധങ്ങള്‍ ലോഡ് ചെയ്യുന്നതിന് തുറമുഖത്തെ തൊഴിലാളികള്‍ വിസമ്മതിച്ചെങ്കിലും 40ഓളം വരുന്ന മറ്റ് തൊഴിലാളികള്‍ ആയുധങ്ങള്‍ കയറ്റാന്‍ സന്നദ്ധരായി. ഇതോടെ ഡാമേജ് കണ്‍ട്രോള്‍ മോഡിലേക്ക് മാറാന്‍ തുറമുഖം നിര്‍ബന്ധിതമായി.

‘ഞങ്ങള്‍ യുദ്ധത്തിനായി തൊഴിലെടുക്കില്ല’ എന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.

ഗ്രീക്ക് യൂണിയനില്‍ നിന്നുള്ള രഹസ്യ വിവരങ്ങളെ തുടര്‍ന്ന് ജെനോവയിലെ ഡോക്ക് വര്‍ക്കര്‍മാര്‍ ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങളിലേക്കുള്ള സൈനിക ചരക്കുകള്‍ ലോഡ് ചെയ്യുന്നതിന് ജൂലൈ അവസാനം മുതല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഫലസ്തീനായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായായിരുന്നു ഈ നടപടികള്‍.

2024 ഒക്ടോബറില്‍ ഗ്രീക്ക് നഗരമായ പൈറസിലെ ഡോക്ക് വര്‍ക്കര്‍മാരും ഇത്തരത്തില്‍ അധിനിവേശ ഫലസ്തീനിലേക്കുള്ള ചരക്കുകപ്പലില്‍ ആയുധങ്ങള്‍ കയറ്റാന്‍ വിസമ്മതിച്ചിരുന്നു.

‘ഫലസ്തീനിന് സ്വാതന്ത്യം, ഞങ്ങള്‍ ശാന്തിക്കായി നിലകൊള്ളും, ഗ്രീസ് യുദ്ധത്തിന്റെ ഭാഗമാകരുത്’ എന്ന മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴക്കിക്കൊണ്ടാണ് ഇവര്‍ ചരക്കുകള്‍ കയറ്റാന്‍ വിസമ്മതിച്ചത്. ഇതോടെ ആയുധങ്ങളടങ്ങിയ ചരക്കുകളില്ലാതെ കപ്പലിന് തുറമുഖം വിടേണ്ടതായും വന്നിരുന്നു.

ജൂണ്‍ നാലിന് ഫ്രാന്‍സിലെ ഏറ്റവും വലിയ തുറമുഖമായ മാഴ്‌സെ-ഫോസിലെ ഡോക്ക് വര്‍ക്കര്‍മാരും അധിനിവേശ ഫലസ്തീനിലേക്കുള്ള കപ്പലുകളില്‍ ആയുധങ്ങള്‍ കയറ്റാന്‍ വിസമ്മതിച്ചിരുന്നു. 14 ടണ്ണോളം വരുന്ന മെഷീന്‍ ഗണ്‍ കോംപോണെന്റുകളും പീരങ്കിയുടെ ഭാഗങ്ങളുമായിരുന്നു ഈ ചരക്കുകളിലുണ്ടായിരുന്നത്.

Content Highlight: Italian dock workers refuse to load weapons onto Saudi ship bound for occupied Palestine

We use cookies to give you the best possible experience. Learn more