| Tuesday, 18th August 2026, 2:05 pm

അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോയെ യുവന്റസും കൈവിട്ടു; സൂപ്പര്‍താരത്തിന്റെ ഭാവിയെന്ത്?

സുദേവ് എ

അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ സ്വന്തമാക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ്. മാര്‍ട്ടിനസിനെ സ്വന്തമാക്കാനുള്ള സാഹചര്യങ്ങള്‍ നിലവില്‍ ടീമിനില്ലെന്നാണ് യുവന്റസ് വ്യക്തമാക്കിയത്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് എമിലിയാനോയെ സ്വന്തമാക്കാനുള്ള നീക്കം ഉപേക്ഷിച്ചത്.

താരത്തിന് നല്‍കേണ്ട ഉയര്‍ന്ന തുകയും, ഇടയ്ക്കിടെ വരുന്ന പരിക്കുമാണ് യുവന്റസിന്റെ പിന്മാറ്റത്തിന് പിന്നിലുള്ള പ്രധാനം. ദി അത്ലറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022 ലോകകപ്പ് നേടുന്നതില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ മാര്‍ട്ടിനസ് സമീപ കാലങ്ങളില്‍ പരിക്കിന്റെ പിടിയിലാണ്.

ഇംഗ്ലണ്ടില്‍ നടന്ന താരത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള പരിശോധനയില്‍ നിലവില്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നായിരുന്നു വിലയിരുത്തിയത്. താരത്തിന്റെ ശാരീരിക ക്ഷമതയുടെ കാര്യത്തെ സംബന്ധിച്ച് സംശയങ്ങള്‍ നിലനിക്കുന്നുണ്ട്.

ആസ്റ്റണ്‍ വില്ല എമിലിയാനോ മാര്‍ട്ടിനസിന് വേണ്ടി ആവശ്യപ്പെട്ട ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച വ്യവസ്ഥയും യുവന്റസ് അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പറുടെ ട്രാന്‍സഫര്‍ ചോദ്യചിഹ്നമായി നിലനില്‍ക്കാന്‍ കാരണമായത്.

2024ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റണ്‍ വിലയുമായി 2029 വരെ എമിലിയാനോ കരാര്‍ ഒപ്പുവെച്ചെങ്കിലും കഴിഞ്ഞ സമ്മറില്‍ താരം ക്ലബ്ബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനായിരുന്നു താരത്തിന്റെ നീക്കം. റെഡ് ഡെവിള്‍സ് താരവുമായി ചര്‍ച്ച നടത്തിയെങ്കിലും അവസാന ഘട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു.

ഈ നീക്കം പരാജയപ്പെട്ടെങ്കിലും എമിലിയാനോ മാര്‍ട്ടിനസ് കഴിഞ്ഞ സീസണില്‍ വില്ലയുടെ ഗോള്‍മുഖത്ത് വീണ്ടും ശക്തമായി നിലയുറപ്പിച്ചു. ആസ്റ്റണ്‍ വില്ല കഴിഞ്ഞ സീസണില്‍ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായിരുന്നു.

ജര്‍മന്‍ ക്ലബ്ബ് ഫ്രെയ്ബര്‍ഗിനെ വീഴ്ത്തിയായിരുന്നു ആസ്റ്റണ്‍ വില്ല യൂറോപ്പ ലീഗ് കിരീടം ചൂടിയത്. ജര്‍മന്‍ ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല തകര്‍ത്തത്. ക്ലബ്ബിന്റെ ആദ്യ യുവേഫ യൂറോപ്പ ലീഗ് കിരീടനേടമാണിത്.

നീണ്ട 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്റ്റണ്‍ വില്ല യൂറോപ്പിലെ ഒരു മേജര്‍ കിരീടം സ്വന്തമാക്കുന്നത്. 1982ലായിരുന്നു ആസ്റ്റണ്‍ വില്ല ഇതിന് മുമ്പ് യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയായിരുന്നു 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ലബ്ബിന്റെ നേട്ടം.

Content Highlight: Italian club Juventus abandon move for Emiliano Martinez

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more