| Tuesday, 9th December 2025, 3:00 pm

അരാജകത്വത്തിലേക്ക് നീങ്ങരുത്; ബി.എല്‍ഒമാര്‍ക്കെതിരായ ഭീഷണികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലടക്കം ബി.എല്‍.ഒമരെ ഭീഷണിപ്പെടുത്തുകയും എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും തുടരുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി.

പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതും ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഷയങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരുള്‍പ്പെടുന്ന ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തത് ഗൗരവമായി കാണുന്നുവെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുന്ന പ്രശ്‌നങ്ങള്‍ക്കനുസരിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും കോടതി കമ്മീഷനോട് പറഞ്ഞു.

ബംഗാളില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നാശ്യപ്പെട്ട് സനാതനി സംസദ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഏത് സംസ്ഥാനത്താണെങ്കിലും സാഹചര്യം കൈവിട്ടുപോവുകയാണെങ്കില്‍ പൊലീസിന്റെ സഹായം തേടണമെന്നും അല്ലാതെ മറ്റ് വഴിയില്ലെന്നും സുപ്രീം കോടതി കമ്മീഷന് ഉപദേശം നല്‍കി.

സാഹചര്യം ശരിയായി കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ അരാജകത്വത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

അതേസമയം, ബി.എല്‍.ഒമാരുള്‍പ്പെടെയുള്ള എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഭരണഘടനാപരമായ എല്ലാ അധികാരങ്ങളും ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. രാകേഷ് ദ്വിവേദി സുപ്രീം കോടതിയെ അറിയിച്ചു.

എന്നാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊലീസിനെ നിയന്ത്രണത്തിലാക്കരുതെന്ന് ജസ്റ്റിസ് ബാഗ്ചി ഓര്‍മിപ്പിച്ചു.

ബി.എല്‍.ഒമാര്‍ കടുത്ത സമ്മര്‍ദത്തിലാണെന്ന വാദങ്ങള്‍ തള്ളിക്കളഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീം കോടോതി വിമര്‍ശിച്ചു. എസ്.ഐ.ആര്‍ ജോലികള്‍ ചെയ്യുന്ന ബി.എല്‍.ഒമാരുടെത് ഡെസ്‌ക് വര്‍ക്കല്ല.

വീടുവീടാന്തരം കയറി ഇറങ്ങി കണക്കെടുപ്പ് നടത്തി ഫോമുകള്‍ പൂരിപ്പിക്കുകയും ഡാറ്റ അപ്‌ലോഡ് ചെയ്യുകയും വേണം. അത് കാണുന്നത്ര എളുപ്പമല്ലെന്നും ജസ്റ്റിസ് ബാഗ്ചി പ്രതികരിച്ചു.

Content Highlight: It will cause anarchy; Supreme Court warns Election Commission over threats against BLOs

We use cookies to give you the best possible experience. Learn more