| Wednesday, 14th October 2026, 10:28 am

നല്ല സിനിമകളുടെ ഭാഗമാവണമെന്നുള്ള ഉത്തരവാദിത്വമാണ് ആവേശം തന്നത്, ആ ഉത്തരവാദിത്വത്തിൽ നിന്നാണ് മറ്റ് സിനിമകൾ സംഭവിച്ചത്: മിഥുൻ ജയ് ശങ്കർ

അനുപമ കെ. സീത

ചെയ്ത മൂന്ന് സിനിമകളും ബ്ലോക്ബസ്റ്റർ വിജയം. സിനിമയിൽ ഹാട്രിക് വിജയമാണ് മിഥുൻ ജയ് ശങ്കറിന്റേത്. ‘ആവേശ’ത്തിൽ തുടങ്ങി ‘മണ്ടാടി’ വരെയെത്തി നിൽക്കുകയാണ് മിഥുന്റെ വിജയഗാഥ. ആവേശത്തിലെ ബിബിൻ അഥവാ ബിബി മോനെന്ന കഥാപാത്രം മിഥുന് ഏറെ ജനപ്രീതി നേടികൊടുത്തിരുന്നു. അതിനു ശേഷം അത് കൃത്യമായി ഉപയോഗിക്കാൻ താരത്തിന് കഴിഞ്ഞതിന്റെ പ്രതിഫലനമാണ് താരത്തിന്റെ തുടർച്ചയായ വിജയ സിനിമകൾ.

ആവേശത്തിലെ കഥാപാത്രം തനിക്ക് റീച്ചിനോടൊപ്പം ഉത്തരവാദിത്വം കൂടി തന്നുവെന്നും അത് പിന്നീട് തന്റെ സിനിമ കരിയറിനെ എങ്ങനെ ബാധിച്ചുവെന്നും പറയുകയാണ് മിഥുൻ. മീഡിയ വണ്ണുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ പങ്കു വെച്ചത്.

‘നല്ല സിനിമകളുടെ ഭാഗമാവണമെന്നുള്ള റെസ്പോൺസിബിലിറ്റിയാണ് ആവേശം എനിക്ക് തന്നത്. ആ റെസ്പോൺസിബിലിറ്റിയിൽ നിന്നാണ് ടൂറിസ്റ്റ് ഫാമിലി ചെയ്യാമെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. പിന്നെ ആ സിനിമയുടെ റീച്ച് കൂടുതൽ റെസ്പോൺസിബിലിറ്റി തന്നു. അതിൽ നിന്നാണ് മണ്ടാടി ചെയ്യാൻ തീരുമാനിച്ചത്. ഉത്തരവാദിത്വങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത് നല്ലതാണെന്നാണ് ഞാൻ വിചാരിക്കുന്നത്.’ മിഥുൻ പറഞ്ഞു.

മണ്ടാടിയിലെ രംഗം.Photo.Screen Grab/Youtube.com

എത്ര സിനിമകൾ ചെയ്യുന്നുവെന്നതിലല്ല കാര്യമെന്നും നമ്മൾ ചെയ്യുന്ന കഥയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്നതിലാണ് കാര്യമെന്നുമാണ് താൻ വിശ്വസിക്കുന്നതെന്ന് മിഥുൻ പറഞ്ഞു. ഇപ്പോഴും ആവേശത്തിലെ ബിബി മോനെന്ന കഥാപാത്രത്തെ പ്രേക്ഷകർ ഓർത്തിരിക്കുന്നതിലും ഹാപ്പിയല്ലേയെന്ന് ചോദിക്കുന്നതിലും താൻ ഭയങ്കരമായ് സന്തോഷിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

താൻ ചെയ്ത മൂന്ന് സിനിമകളിലെയും സംവിധായകർ ഭയങ്കര കൂളും കൂടുതൽ എഫേർട്ടും ഇടുന്നവരാണെന്നും മിഥുൻ പറഞ്ഞു. തുടക്കകാരനായിട്ടും തന്നെ മനസ്സിലാക്കി നിൽക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇവർക്കൊപ്പം തുടക്കത്തിൽ തന്നെ അഭിനയിക്കാൻ കഴിഞ്ഞത് താൻ ഭാഗ്യമായ്‌ കരുതുന്നുവെന്നും മിഥുൻ വ്യക്തമാക്കി.

ആവേശത്തിന് ശേഷം തമിഴിൽ നിന്നാണ് കൂടുതൽ ഓഫറുകൾ വന്നതെന്നും തന്റെ കരിയറിന് മികച്ചതായി തോന്നുന്ന കഥാപാത്രങ്ങൾ തമിഴിൽ നിന്ന് വന്നതുകൊണ്ടാണ് തമിഴിൽ ചെയ്തതെന്നും മിഥുൻ പറഞ്ഞു. മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നല്ല കഥാപാത്രങ്ങളും കഥയും വന്നാൽ ഉറപ്പായും മലയാളത്തിൽ സിനിമകൾ ചെയ്യുമെന്നും മിഥുൻ വ്യക്തമാക്കി.

Content Highlight: It was the sense of responsibility to be part of good films that drove me; other films came about as a result of that responsibility said Mithun Jai Sankar

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more