തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് മെയ്യഴകൻ. 96ന് ശേഷം പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാനവേഷത്തിലെത്തിയത്.
രണ്ട് പേരുടെ സൗഹൃദത്തോടൊപ്പവും ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണ നിഷ്‌കളങ്കതയും മനോഹരമായി വരച്ചിട്ടുണ്ട് ചിത്രം. മനുഷ്യർ തമ്മിലുള്ള വൈകാരികമായ ബന്ധത്തെ അതിന്റെ തീക്ഷ്ണതയിൽ ആവിഷ്കരിച്ച ചിത്രം നിർമിച്ചത് നടൻ സൂര്യയും ജ്യോതികയും ചേർന്നാണ്.
മൊത്തത്തിൽ ഫീൽ ഗുഡ് ചിത്രമായെത്തിയ മെയ്യഴകൻ തിയേറ്ററിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും ഒ.ടി.ടിയിൽ ഇറങ്ങിയപ്പോൾ ഗംഭീര പ്രതികരണം ലഭിച്ചിരുന്നു. ഗോവിന്ദ് വസന്തയാണ് മെയ്യഴകന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോള് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാർ.
‘മെയ്യഴകൻ മലയാളത്തിൽ ആയിരുന്നു എടുത്തതെങ്കിൽ തമിഴ് പ്രേക്ഷകർ സ്വീകരിക്കുമായിരുന്നു എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞു. ഞാൻ ആ സിനിമ തമിഴിൽ ചെയ്തതാണ് തെറ്റ് എന്നും പറഞ്ഞു. എന്റെ ഭാഷയിൽ ഞാൻ ഒരു സിനിമയെടുത്തപ്പോൾ അത് മറ്റൊരു ഭാഷയിൽ എടുത്തെങ്കിൽ നന്നായേനെ എന്ന് പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നി. പക്ഷെ അതാണ് സത്യം. തിയേറ്ററിൽ ഞങ്ങൾ പ്രതീക്ഷിച്ച തരത്തിൽ റവന്യൂ വന്നില്ലെങ്കിലും ഒ.ടി.ടിയിൽ ഇറങ്ങിയപ്പോൾ സിനിമയ്ക്ക് നല്ല സ്വീകാര്യത കിട്ടി’, പ്രേംകുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിലെ പ്രദർശനത്തിന് ശേഷം ചിത്രത്തിൻ്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനം ഉയർന്നിരുന്നു. 2 മണിക്കൂർ 57 മിനിട്ടായിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. പിന്നീട് ഏകദേശം 18 മിനിറ്റോളം വെട്ടിക്കുറച്ചിട്ടാണ് പ്രദർശിപ്പിച്ചത്.
ഈ രംഗങ്ങൾ പിന്നീട് യൂട്യൂബിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ടൈറ്റിൽ കഥാപാത്രമായി കാർത്തി എത്തുന്ന ചിത്രത്തിൽ അരുൺമൊഴി വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അരവിന്ദ് സ്വാമിയാണ്.
Content Highlight: It was said that it was a mistake to make the movie Meyyazhagan in Tamil i felt sad