| Friday, 18th September 2026, 1:16 pm

ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ എന്നെ വേട്ടയാടിയവരാണ് റിപ്പോര്‍ട്ടര്‍ ടി.വി; ആന്റോയുടെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിന് ബിഗ് സല്യൂട്ട്: വെള്ളാപ്പള്ളി

നിഷാന. വി.വി

തിരുവനന്തപുരം: അനധികൃതമായി മദ്യം കൈവശം വെച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പത്രപ്രവര്‍ത്തനരംഗത്ത് അഭിമാനകരമായ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളമെന്നും എന്നാല്‍ കുറേക്കാലമായി കോടീശ്വരന്മാരായ കുറേ തട്ടിപ്പുകാരും പലിശരാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങള്‍ തുടങ്ങിയും നിലവിലുള്ളവ സ്വന്തമാക്കിയും മാന്യന്മാരാകാന്‍ ശ്രമിച്ചതിന്റെ പരിണിതഫലങ്ങളാണ് കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘മാധ്യമ മുതലാളിമാരായാല്‍ അതിന്റെ തണലില്‍ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നും ഇവര്‍ കരുതുന്നുണ്ടാകാം.വയനാട്ടിലെ വിവാദ മരംമുറി കേസില്‍ ജയിലില്‍ കിടന്നയാളാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളും. തട്ടിപ്പുകേസുകള്‍ വേറെ.

അതിനിടെയാണ് ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ലയണല്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരുമെന്ന പേരില്‍ ഇവര്‍ വമ്പന്‍ വെട്ടിപ്പ് നടത്തിയത്. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടതു സര്‍ക്കാരും ഇതിന് കൂട്ടുനിന്നു,’ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

‘റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരില്‍ മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഇവര്‍ വിഡ്ഢികളാക്കി. സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പിനെയും മുന്‍ വകുപ്പു മന്ത്രിയെയും വരെ ദുരുപയോഗിച്ചുവെന്നതാണ് കഷ്ടം.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മെസി തട്ടിപ്പിന്റെ തലം മാറി. പരാതികളുടെ വരവായി. കളമശേരി പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കോടതി വാറണ്ടുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കളമശേരി ആസ്ഥാനത്തും അഗസ്റ്റിന്‍ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വയനാട്ടിലെ ഇവരുടെ ‘കൊട്ടാരത്തിലും’ റെയ്ഡ് നടത്തിയത്. ഇതിനിടെ വീട്ടില്‍ വലിയ അളവില്‍ മദ്യം കണ്ടെത്തിയതിനാണ് അബ്കാരി കേസില്‍ ആന്റോ അറസ്റ്റിലായത്,’ അദ്ദേഹം പറഞ്ഞു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ ഒപ്പം കൂട്ടി കോട്ടും സ്യൂട്ടുമിട്ട് അന്തിചര്‍ച്ചകള്‍ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവര്‍ത്തകനായ ആളാണ് ആന്റോ അഗസ്റ്റിന്‍ എന്നും അങ്ങനെ ഒരാള്‍ നയിക്കുന്ന സ്ഥാപനത്തില്‍ സ്വാഭാവികമായും പൊലീസ് കയറേണ്ട സാഹചര്യമുണ്ടാകാമെന്നും വെളളാപ്പള്ളി പറഞ്ഞു. അപ്പോള്‍ വിലപിക്കുന്നതും വിമര്‍ശിക്കുന്നതും തട്ടിപ്പുകാരെ വെള്ളപൂശുന്നതിന് തുല്യമാണ്. മടിയില്‍ കനമില്ലെങ്കില്‍ ഭയക്കുന്നതെന്തിന്. അവര്‍ക്ക് തെളിവെന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ ഈ പ്രതിഷേധങ്ങള്‍ അപഹാസ്യമാകും അദ്ദേഹം പറഞ്ഞു.

‘മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആരെയും എന്തും വിളിച്ചുപറയാമെന്ന വിചാരം അവസാനിപ്പിക്കണം. ഉടമകളുടെ ദുഷ്‌ചെയ്തികളുടെ പേരില്‍ നടക്കുന്ന അന്വേഷണം മാധ്യമവേട്ടയാണെന്ന് പറയരുത്. മാധ്യമ പ്രവര്‍ത്തകരും അവരുടെ സംഘടനകളും ഇക്കാര്യത്തില്‍ പുനരാലോചന നടത്തുന്നതാണ് നല്ലത്,’ എസ്.എന്‍.ഡി.പി നേതാവ് പറഞ്ഞു.

ആര്‍ക്കും ആരോടും എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല. മാധ്യമ സ്വാതന്ത്ര്യം പരിമിതികള്‍ ഇല്ലാത്തതുമല്ല. നിയന്ത്രണത്തിന് വിധേയമായ സ്വാതന്ത്ര്യം തന്നെയാണ് എല്ലാ കാര്യത്തിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ എസ്.എന്‍.ഡി.പി യോഗത്തെയും എന്നെയും പിന്തുടര്‍ന്ന് വേട്ടയാടിയവരാണ് റിപ്പോര്‍ട്ടര്‍ ടിവി. ഞാന്‍ നവതി ആഘോഷിക്കുന്ന ഈ വേളയില്‍, എന്നെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ ആശംസകള്‍ ഏറ്റുവാങ്ങുന്ന ദിവസം തന്നെ അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായത് ഇരട്ടി മധുരമായി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ധീരമായ ഈ നീക്കം സ്വാഗതാര്‍ഹമാണ്.

അധമ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇതൊരു താക്കീതാണ്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോയാല്‍ ഇനിയും പല വമ്പന്‍ സ്രാവുകളും ഈ കേസില്‍ അകത്താകും. നടപടികളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കുന്നു. ഇത്തരക്കാര്‍ മാധ്യമധര്‍മ്മത്തിനും പ്രബുദ്ധകേരളത്തിനും അപമാനമാണ്. സംസ്ഥാന സര്‍ക്കാരിന് ഡബിള്‍ സല്യൂട്ട്,’ വെള്ളാപ്പള്ളി കുറിച്ചു.

Content Highlight: “It was Reporter TV that hounded me over baseless allegations; a big salute to the state government for Anto’s arrest,” says Vellappally.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more