| Tuesday, 6th October 2026, 2:13 pm

പോസ്റ്ററുകൾ കാണുമ്പോഴാണ് 15 വർഷം കഴിഞ്ഞെന്ന് മനസിലാകുന്നത്, ആ സിനിമയുടെ കഥ കേൾക്കുമ്പോൾ ഒന്നും മനസിലായിരുന്നില്ല; നമിത പ്രമോദ്

അജ്മല്‍ കെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് നമിത തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. എന്നാൽ നമിതക്ക് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിരുന്നു.

നമിത. Photo. Screen Grab/ Youtube

ഇപ്പോഴിതാ വനിതക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിലെത്തിയിട്ട് 15 വർഷം പിന്നിട്ടുവെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണെന്ന് തുറന്നു പറയുകയാണ് നടി നമിത പ്രമോദ്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും കാണുമ്പോഴാണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞെന്ന് ഓർമ വരുന്നതെന്നും അന്ന് താൻ വളരെ ചെറുപ്പമായിരുന്നെന്നും നമിത പറഞ്ഞു.

‘ട്രാഫിക് ഇത്രയും വർഷമായെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇന്നലെ നടന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. പോസ്റ്ററുകളൊക്കെ കാണുമ്പോഴാണ് ഇത്രയും വർഷമായെന്ന് തോന്നുന്നത്. ഞാൻ അന്ന് വളരെ ചെറുതായിരുന്നു. രാജേഷ് അങ്കിൾ ട്രാഫിക്കിന്റെ കഥ പറയാൻ വീട്ടിലേക്കാണ് വന്നത്. അങ്കിളിന് അതിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. വളരെ സ്വീറ്റ് ആയ വ്യക്തിയാണ് അദ്ദേഹം. സ്വീറ്റസ്റ്റ് ഫിലിംമേക്കർ എന്ന് തന്നെ പറയാം. രാജേഷ് അങ്കിൾ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് അടുപ്പമുണ്ട്,’ നമിത പറഞ്ഞു.

സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് രാജേഷ് പിള്ള വീട്ടിലെത്തി സിനിമയുടെ കഥ പറഞ്ഞതെന്നും നമിത ഓർത്തെടുത്തു.

‘അന്ന് രാവിലെ സ്കൂളിൽ പോകാൻ റെഡിയാവുകയായിരുന്നു. മുടി കെട്ടുന്ന സമയത്ത് അമ്മ ഭക്ഷണം വാരിത്തരുന്നുണ്ട്. സ്നേഹം കൊണ്ടൊന്നുമല്ല, തിരക്കുകൊണ്ടാണ്. വേഗം റെഡിയാകാൻ വേണ്ടി വാരിത്തരുന്നതാണ്. അതിനിടയിലാണ് രാജേഷ് അങ്കിൾ കഥ പറഞ്ഞുതരുന്നത്. എനിക്കൊന്നും മനസിലായില്ല. അങ്ങനെ പെട്ടെന്ന് കേട്ട് മനസിലാക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ ആ ടീമിനൊപ്പം വർക്ക് ചെയ്യാൻ വല്ലാതെ എക്സൈറ്റഡായിരുന്നു. വലിയ ഭാഗ്യമായിരുന്നു അത്,’ നടി പറഞ്ഞു.

അന്ന് സിനിമയിൽ മാത്രം കണ്ടിരുന്ന കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശ്രീനിവാസൻ തുടങ്ങിയവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇന്നും മനസിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണെന്ന് നമിത പറഞ്ഞു.

‘ചാക്കോച്ചൻ, ആസിഫിക്ക, ശ്രീനിയങ്കിൾ എന്നൊക്കെ വിളിക്കാനുള്ള സ്വാതന്ത്ര്യം പിന്നീടല്ലേ വന്നത്. അന്ന് അവർ എനിക്ക് കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ശ്രീനിവാസനുമാണ്. സ്കൂളിൽ പോകുന്ന പ്രായത്തിൽ സിനിമയിൽ മാത്രം കണ്ടിട്ടുള്ള വലിയ ആളുകളായിരുന്നു അവരൊക്കെ,’ നമിത പറഞ്ഞു.

‘ട്രാഫിക്’ സിനിമയുടെ ഫോട്ടോഷൂട്ടും പൂജയുമായി ബന്ധപ്പെട്ട ഓർമകളും നമിത പങ്കുവെച്ചു. ചിത്രത്തിന്റെ സ്റ്റിൽസടങ്ങിയ ബ്രോഷർ സ്കൂളിൽ കൊണ്ടുപോയി അധ്യാപകരെയും കൂട്ടുകാരെയും കാണിച്ചതും ഇന്നും ഓർമയിലുണ്ടെന്ന് താരം പറയുന്നു.

ലെനയായിരുന്നു ചിത്രത്തിൽ നമിതയുടെ അമ്മയായി അഭിനയിച്ചത്. തനിക്ക് ആദ്യമായി ഇത്ര വലിയൊരു അവസരം നൽകിയ രാജേഷ് പിള്ളയോടുള്ള നന്ദിയും നമിത പങ്കുവെച്ചു.

നമിത. Photo. Screen Grab/ Youtube

‘രാജേഷ് അങ്കിളാണ് ഇത്രയും നല്ല ഓർമകൾ എനിക്ക് കിട്ടാനുള്ള കാരണം. എന്നെപ്പോലൊരു പുതുമുഖത്തിന് ഇത്ര വലിയൊരു ഭാഗ്യം തരാൻ അങ്കിൾ ധൈര്യം കാണിച്ചതുതന്നെ വലിയ അംഗീകാരമാണ്. അതുകഴിഞ്ഞ് കുറച്ച് നല്ല ഓഫറുകൾ വന്നിരുന്നു. പക്ഷേ ബോർഡ് എക്സാം ആയതിനാൽ ചെയ്യാൻ കഴിഞ്ഞില്ല,’ നമിത പറഞ്ഞു.

Content Highlight:  Actress Namitha pramod has openly admitted that she still finds its hard to believe that 15 years have passed since she entered the film industry

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more