| Monday, 5th October 2026, 5:00 pm

സച്ചിന്‍ 50,000 റണ്‍സ് തികച്ച ദിവസം; സെമിയിലെ ചരിത്ര നേട്ടത്തിന് പിന്നാലെ ഫൈനലില്‍ കിരീടവും

ആദർശ് എം.കെ.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഐതിഹാസിക നേട്ടത്തിന് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ദല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ക്രിക്കറ്റ് ദൈവം 50,000 പ്രൊഫഷണല്‍ റണ്‍സ് എന്ന ചരിത്ര നേട്ടം മറികടന്നത് 2013 ഒക്ടോബര്‍ അഞ്ചിനായിരുന്നു.

ഫിറോസ് ഷാ കോട്‌ലയില്‍ സി.എല്‍.ടി20 സെമി ഫൈനല്‍ മത്സരത്തില്‍ ട്രിനിഡാഡ് ആന്‍ഡ് ടോബാഗോയ്‌ക്കെതിരായ മത്സരത്തിലാണ് സച്ചിന്‍ 50,000 റണ്‍സെന്ന ചരിത്ര നേട്ടത്തിലെത്തിയത്.

Photo: Shebas/x.com

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 50,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യന്‍ താരമെന്ന നേട്ടത്തോടെയായിരുന്നു സച്ചിന്‍ ചരിത്രത്തിലേക്ക് നടന്നുകയറിയത്. സച്ചിന്‍ ഈ നേട്ടത്തിലെത്തി 13 വര്‍ഷങ്ങള്‍ക്കിപ്പുറവും മറ്റൊരു ഏഷ്യന്‍ താരവും 50,000 റണ്‍സ് മാര്‍ക് തൊട്ടിട്ടില്ല എന്നതാണ് സച്ചിന്റെ നേട്ടത്തെ ഏറെ സ്‌പെഷ്യലാക്കുന്നത്.

ഇന്ത്യ, ഏഷ്യ ഇലവന്‍, മുംബൈ, മുംബൈ ഇന്ത്യന്‍സ്, യോര്‍ക് ഷെയര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സച്ചിന്‍ തന്റെ കരിയറില്‍ ബാറ്റേന്തിയത്.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഏഷ്യന്‍ താരങ്ങള്‍ (ഫസ്റ്റ് ക്ലാസ് + ലിസ്റ്റ് എ + ടി-20)

(താരം – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 50,165

കുമാര്‍ സംഗക്കാര – 47,304

സഹീര്‍ അബ്ബാസ് – 46,083

ജാവേദ് മിയാന്‍ദാദ് – 42,636

വിരാട് കോഹ്‌ലി – 42,462

രാഹുല്‍ ദ്രാവിഡ് – 41,651

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. Photo: BCCI/x.com

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ കളിച്ച 310 മത്സരത്തില്‍ (490 ഇന്നിങ്‌സ്) നിന്നുമായി 81 സെഞ്ച്വറിയും 116 അര്‍ധ സെഞ്ച്വറിയും 25,369 റണ്‍സാണ് സച്ചിന്‍ നേടിയത്. 57.84 ആണ് ഫസ്റ്റ് ക്ലാസില്‍ സച്ചിന്റെ ശരാശരി.

2004ല്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെ പുറത്താകാതെ നേടിയ 248 ആണ് ഫോര്‍മാറ്റില്‍ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. Photo: BCCI/x.com

ലിസ്റ്റ് എ ക്രിക്കറ്റില്‍ കളത്തിലിറങ്ങിയ 538 ഇന്നിങ്‌സില്‍ നിന്നും 21,999 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 60 സെഞ്ച്വറിയും 114 അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്ത സച്ചിന്റെ ബാറ്റിങ് ശരാശരി 45.54 ആണ്.

2010ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 200 റണ്‍സാണ് ലിസ്റ്റ് എയില്‍ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ടി-20 ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറിയടക്കം 2797 റണ്‍സും സച്ചിന്‍ നേടിയിട്ടുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. Photo: mipaltan/x.com

അതേസമയം. ഈ ചരിത്ര നേട്ടം പിറവിയെടുത്ത സെമി ഫൈനലില്‍ ടി ആന്‍ഡ് ടിയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലിന് യോഗ്യത നേടിയിരുന്നു. കരീബിയന്‍ കരുത്തര്‍ ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഡ്വെയ്ന്‍ സ്മിത്തിന്റെ കരുത്തിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയത്. സ്മിത് 38 പന്തില്‍ 59 റണ്‍സ് നേടി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (31 പന്തില്‍ 35), ദിനേഷ് കാര്‍ത്തിക് (21 പന്തില്‍ 33*) എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരരത്തില്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ കരുത്തില്‍ 33 റണ്‍സിന്റെ ജയം നേടി മുംബൈ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

Content highlight: It was on this day 13 years ago that Sachin Tendulkar completed 50,000 runs in professional cricket.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more