| Friday, 15th May 2026, 12:30 pm

അമേരിക്കയുമായുള്ളത് വ്യാപാര കരാറായിരുന്നില്ല, അദാനിയുടെ മോചനത്തിനായുള്ള വിലപേശല്‍; അദാനിയെ കുറ്റവിമുക്തനാക്കിയ യു.എസ് നടപടിയില്‍ രാഹുല്‍ ഗാന്ധി

നിഷാന. വി.വി

ന്യൂദല്‍ഹി: ശതകോടിശ്വരനായ വ്യവസായി ഗൗതം അദാനിയുടെ മോചനം ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി അമേരിക്കയുമായി വ്യാപാര കരാര്‍ ഒപ്പിട്ടതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

അമേരിക്കയുമായുള്ളത് വ്യാപാരകരാറായിരുന്നില്ല മറിച്ച് അദാനിയുടെ മോചനത്തിനായുള്ള വിലപേശലായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൈക്കൂലി കേസില്‍ അദാനിക്ക് മേല്‍ ചാര്‍ത്തിയ കുറ്റങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ യു.എസ് കോടതി സമ്മതിച്ചതായുള്ള റിപ്പോള്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ വ്യാപര ബന്ധം ശക്തിപ്പെടുത്തുന്നതിനായിരുന്നില്ല. മറിച്ച് ഗൗതം അദാനിക്ക് ആശ്വാസം നല്‍കുന്നതിനായിരുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അമേരിക്കയുമായുള്ള ഏകപക്ഷീയമായ വ്യാപാര കരാര്‍ മോദി ഒപ്പിട്ടത് എന്തിനായിരുന്നുവെന്നത് ഇപ്പോള്‍ വ്യക്തമായി എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു.

ഇന്ത്യ-യു.എസ് വ്യാപാര ‘കരാറിന്’ പ്രധാനമന്ത്രി എന്തുകൊണ്ടാണ് സമ്മതിച്ചതെന്ന് ഇപ്പോള്‍ വ്യക്തമാണ്, അത് അമേരിക്കയുടെ ഒരു മോഷണമായിരുന്നു.

നമ്മുടെ ദേശീയ താത്പ്പര്യത്തേക്കാള്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണികളെ മാനിച്ച് 2025 മെയ് 10 ന് മോദി ഓപ്പറേഷന്‍ സിന്ദൂര്‍ പെട്ടെന്ന് നിര്‍ത്തിവെച്ചത് എന്തുകൊണ്ടാണെന്നും വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു.

ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ചെയ്ത കൈക്കൂലി, തട്ടിപ്പ് കേസ് പിന്‍വലിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യു.എസ് നീതിന്യായ വകുപ്പാണ് അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദാനിക്കെതിരേയുള്ള യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ സിവില്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം നടക്കുന്നുന്നാതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നും ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരില്‍ യു.എസിലെ നിക്ഷേപകരെയടക്കം കബളിപ്പിച്ചെന്നുമായിരുന്നു ആരോപണം. ഇതിനായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ ജോ ബൈഡന്‍ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു അദാനിക്കെതിരെ അഴിമതിക്കേസെടുത്തത്. ഈ കേസുകളാണ് ഇപ്പോള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒഴിവാക്കാനൊരുങ്ങുന്നത്.

യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനും സള്ളിവന്‍ ആന്‍ഡ് കോണ്‍വെലിന്റെ സഹ ചെയര്‍മാനുമായ റോബര്‍ട്ട് ഗ്വിഫ്രയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെ അദാനി ഈ കേസ് അടുത്തിടെ ഏല്‍പിച്ചിരുന്നു. പിന്നാലെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ നീക്കമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രിലില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റില്‍ കേസിലെ വാദിഭാഗവും പ്രതിഭാഗവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഗ്വിഫ്ര ഒരു സ്ലൈഡ് ഷോയുടെ സഹായത്തോടെ അവരുടെ വാദങ്ങള്‍ അവതരിപ്പിച്ചു. കേസുകള്‍ ഒഴിവാക്കിയാല്‍ യു.എസില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദാനി സന്നദ്ധത അറിയിയിക്കുമെന്നതാണ് ഒരു സ്ലൈഡിലെ ഉള്ളടക്കം. ഈ വാഗ്ദാനത്തോട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒന്നോ അതിലധികമോ ഉദ്യോഗസ്ഥര്‍ അനുഭാവത്തോടെ പ്രതികരിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സാമ്പത്തികവും രാഷ്ട്രീയപരവുമായി നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതാണ് അദാനിയുടെ വാഗ്ദാനം. ട്രംപിന്റെ രണ്ടാമൂഴത്തിലെ, സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ പ്രാധാന്യം വരുന്ന സമീപനത്തെ അടിവരയിടുന്നതാണ് ഈ വാഗ്ദാനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രംപ് തനിക്ക് സംഭാവന നല്‍കിയവരോടും ബിസിനസ് പങ്കാളികളോും ക്ഷമിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സഖ്യമുള്ളവര്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുകയും അന്വേഷണം വേണ്ടെന്നു വെക്കുകയും ചെയ്തിരുന്നു. ഇത് ട്രംപ് സര്‍ക്കാരിനെതിരെ വലിയ രീതിയുള്ള വിമര്‍ശനങ്ങളുയരാനും കാരണമായി.

Content Highlight: It was not a trade deal with the US, it was a bargain for Adani’s release; Rahul Gandhi on the US action that acquitted Adani

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more