| Sunday, 31st August 2025, 12:14 pm

കുട്ടിക്കാലം മുതല്‍ ആരാധിച്ച ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് അവിശ്വസനീയം: മാളവിക മോഹനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന പയ്യന്നൂരുകാരിയാണ് മാളവിക മോഹനന്‍. വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് മാളവിക മലയാളികള്‍ക്ക് സമ്മാനിച്ചത്.

പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയായ മാളവിക, സിനിമയില്‍ മാത്രമല്ല മോഡലിങ്ങിലും തന്റേതായ മേല്‍വിലാസം ഉറപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ കൂടെ അരങ്ങിലെത്തിയ മാളവിക എത്തിനില്‍ക്കുന്നത് മോഹന്‍ലാലിനൊപ്പമാണ്. ഇതിനിടയില്‍ കന്നഡ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചു.

ഹൃദയപൂര്‍വ്വം മാളവികക്ക് ഒരു ബ്രേക്കാണ്. 2023ല്‍ ഇറങ്ങിയ ക്രിസ്റ്റി എന്ന ചിത്രത്തിന് ശേഷം മാളവിക മലയാളത്തിലേക്ക് വരുന്നത് ഹൃദയപൂര്‍വ്വം എന്ന സിനിമയിലൂടെയാണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനന്‍.

‘ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം ഒത്തിരി ഇഷ്ടമുള്ള സിനിമയായിരുന്നു. സിനിമയുടെ കാസെറ്റ് വീട്ടില്‍ ഉണ്ടായിരുന്നത് കൊണ്ട് ഇടയ്ക്കിടെ കാണും. മുംബൈയില്‍ വളര്‍ന്ന കുട്ടിക്ക് ഈ സിനിമയോട് എന്താണ് ഇത്ര ആവേശമെന്ന് വീട്ടുകാര്‍ക്ക് പോലും തോന്നിയിട്ടുണ്ട്.

പട്ടണപ്രവേശം കണ്ടുവളര്‍ന്ന എനിക്ക്, അതേ സംവിധായകന്റെ സിനിമയില്‍ ഒരു പ്രധാന വേഷം ലഭിക്കുക എന്നത് ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നത്. അതേ നായകനോടൊപ്പം അഭിനയിക്കാനുള്ള അവസരവും. ഹൃദയപൂര്‍വം സിനിമയെ ‘ക്ലോസ് ടു മൈ ഹാര്‍ട്ട്’ എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഒരുപാട് ആസ്വദിച്ചു ചെയ്ത ഒരു സിനിമയാണിത്,’ മാളവിക മോഹനന്‍ പറയുന്നു.

കുട്ടിക്കാലം മുതല്‍ കണ്ട് ആരാധിച്ച മോഹന്‍ലാലിനെ അടുത്തുനിന്ന് കാണാനും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും ആദ്യദിവസങ്ങളില്‍ അവിശ്വസനീയമായ ഒരനുഭവം പോലെയായിരുന്നുവെന്നും അഭിനേതാവ് എന്ന നിലയിലും താരമെന്ന നിലയിലും അദ്ദേഹത്തില്‍നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചുവെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. മനോരമ ഞായറാഴ്ച പതിപ്പില്‍ സംസാരിക്കുകയായിരുന്നു മാളവിക മോഹനന്‍.

Content Highlight: It was incredible to be able to act with Lalettan, whom I admired since childhood: Malavika Mohanan

We use cookies to give you the best possible experience. Learn more