ദാദാ സാഹേബ് ഫാൽക്കേ അവാർഡ് കിട്ടിക്കഴിഞ്ഞപ്പോൾ താൻ ഉന്മാദാവസ്ഥയിലാണെന്ന് മോഹൻലാൽ പറയുന്നു. അവാർഡ് കിട്ടിക്കഴിഞ്ഞപ്പോൾ മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സത്യത്തിൽ സന്തോഷത്തിന്റെ ഒരു കൊടുമുടിയിലായിരുന്നു ഞാൻ. ഉന്മാദാവസ്ഥയെന്നുവേണം അതിനെ വിളിക്കാൻ. ഇനി ഒരിക്കലും തിരിച്ചുവരാത്ത നിമിഷം. ഈശ്വരനോട് നന്ദിപറയുന്നു. പ്രേക്ഷകരോടും നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു. ഷാരൂഖ് ഖാനും മറ്റും വളരെ സ്‌നേഹാദരങ്ങളോടെയാണ് പെരുമാറിയത്. അവരെല്ലാം വലിയ സന്തോഷത്തിലായിരുന്നു,’ മോഹൻലാൽ പറയുന്നു.
പുരസ്‌കാരം കിട്ടിയപ്പോൾ മമ്മൂട്ടി വിളിച്ചിരുന്നോ എന്ന ചോദ്യത്തോടും മോഹൻലാൽ പ്രതികരിച്ചു.
മമ്മൂട്ടി ഇങ്ങോട്ടും താൻ അങ്ങോട്ടും വിളിച്ചിരുന്നുവെന്നും എപ്പോഴും വിളിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൃശ്യം 3യുടെ സ്‌ക്രിപ്റ്റ് വായിച്ചെങ്കിലും അതെങ്ങനെ ചെയ്യുമെന്ന് തനിക്കറിയില്ലെന്നും എല്ലാ ഭാഷയിലെയും പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3യെന്നും മോഹൻലാൽ പറഞ്ഞു.
പാൻ ഇന്ത്യൻ എന്നതിനപ്പുറം ലോകം മുഴുവൻ കാണുന്ന സിനിമയായി മലയാള സിനിമ മാറിക്കഴിഞ്ഞുവെന്നും ദൃശ്യം സിനിമ ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നതാണ് കൊവിഡ് കാലത്തുണ്ടായ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. പല ഭാഷകളിലേക്ക് ആ സിനിമ എത്തിയെന്നും ഇന്ന് മലയാള സിനിമ മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്ത് കാണുന്നവർ ഉണ്ടെന്നും അത് വലിയ നേട്ടം തന്നെയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ദൃശ്യം 3യുടെ ഷൂട്ടിങ് ആരംഭിച്ചു. എറണാകുളം പൂന്തോട്ടം എസ്.എൻ ലോ കോളേജ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച പൂജാ ചടങ്ങുകൾ നടന്നു.
അമിത പ്രതീക്ഷയോടെ സിനിമയെ കാണരുതെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: It was a great achievement during the Covid period says Mohanlal