| Friday, 24th April 2026, 12:37 pm

പതിറ്റാണ്ടുകള്‍കൊണ്ട് വളര്‍ത്തിയടുത്തത് തകര്‍ക്കാന്‍ വേണ്ടിവന്നത് വെറും എട്ടാഴ്ച; യുദ്ധം 30 ദശലക്ഷം ജനങ്ങളെ പട്ടിണിയിലാക്കും: ഐക്യരാഷ്ട്ര സഭ

നിഷാന. വി.വി

ബെല്‍ജിയം: ഇറാനെതിരായ യു.എസ് യുദ്ധം 30 ദശലക്ഷത്തിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ.

സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ വരും മാസങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുമെന്നും യു.എന്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് ഗതാഗതം തുടര്‍ച്ചയായി തടസപ്പെട്ടതുമൂലം ഇന്ധന-വള വിതരണത്തിലുണ്ടായ പ്രതിസന്ധി കാര്‍ഷിക ഉത്പാദനക്ഷമത കുറച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇതു വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും യു.എന്‍ വികസന മേധാവി അലക്‌സാണ്ടര്‍ ഡി ക്രൂ അറിയിച്ചു. വൈകാതെ ക്ഷാമം രൂക്ഷമാകുമെന്നും തങ്ങള്‍ നിസ്സഹായരാണെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു.

ലോകത്തിലെ ആകെ വളത്തിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കപ്പെടുന്നത് മിഡില്‍ ഈസ്റ്റിലാണ്. ആഗോളവിതരണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയും. അതിനാല്‍ തന്നെ കടലിടുക്കിലെ ദീര്‍ഘകാല പ്രതിസന്ധി ‘ആഗോളഭക്ഷ്യ ദുരന്തത്തിന്’ കാരണമാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ – കാര്‍ഷിക സംഘടന (എഫ്.എ.ഒ) കഴിഞ്ഞയാഴ്ച നല്‍കിയ മുന്നറിയിപ്പ്.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാന്‍, ടാന്‍സാനിയ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായിരിക്കും ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമാവുക എന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

യുദ്ധം സാധനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്നും ദുര്‍ബലരായ ജനതയെ കൂടുതല്‍ ദുര്‍ബലരാക്കുമെന്നും ഡി ക്രൂ പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗ്ലോബല്‍ ജിഡിപിയുടെ 0.5 ശതമാനം മുതല്‍ 0.8 ശതമാനം വരെ ഇല്ലാതാക്കിയതായും ഡി ക്രൂ അഭിപ്രായപ്പെട്ടു. ‘പതിറ്റാണ്ടുകള്‍കൊണ്ട് വളര്‍ത്തിയെടുത്ത കാര്യങ്ങള്‍ തകര്‍ത്തുകളയാന്‍ അവര്‍ക്ക് വേണ്ടിവന്നത് വെറും എട്ട് ആഴ്ചകളാണെന്നും’ ഡി ക്രൂ വിമര്‍ശിച്ചു.

Content Highlight: It took just eight weeks to destroy what was built over decades; War will starve 30 million people: United Nations

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more