| Monday, 20th January 2025, 7:47 pm

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്ന് പഠിപ്പിക്കുന്നു; മെക്‌സെവനെതിരെ വീണ്ടും വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മെക്‌സെവനെതിരെ വീണ്ടും വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍. ശരീരം കാണിച്ചുകൊണ്ടാണ് സ്ത്രീകള്‍ വ്യായാമത്തിന്റെ ഭാഗമാകുന്നതെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുകൂടുന്നതില്‍ പ്രശ്‌നമില്ലെന്നാണ് മെക് സെവന്‍ പഠിപ്പിക്കുന്നതെന്നും അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു.

നേരത്തെയും മെക് സെവനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. അന്യപുരുഷന്മാരുടെ മുമ്പില്‍ സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം വിഭാഗം പറഞ്ഞിരുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടകലര്‍ന്നുള്ള വ്യായാമം വേണ്ടെന്നും കാന്തപുരം വിഭാഗം പറഞ്ഞു. വെള്ളിയാഴ്ച നടന്ന മുശാവറ യോഗത്തിന്റേതായിരുന്നു തീരുമാനം.

വ്യായാമം മത നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കണമെന്നും മതത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നും മതത്തിനെതിരായ ക്ലാസുകള്‍ സംഘടിപ്പിക്കരുതെന്നും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു.

നേരത്തെ മെക് സെവന്‍ വ്യായാമ കൂട്ടായ്മയെവിമര്‍ശിച്ച് കാന്തപുരം വിഭാഗം നേതാവായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയും രംഗത്തെത്തിയിരുന്നു. മതത്തിനുള്ളിലേക്ക് പുത്തന്‍ ആശയങ്ങള്‍ തിരുകികയറ്റാന്‍ ജമാഅത്തെ ഇസ്ലാമിയാണ് ശ്രമിക്കുന്നതെന്നും ഇതിന് പിന്നിലുള്ള മറ്റു നീക്കങ്ങള്‍ പരിശോധിക്കണമെന്നുമാണ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞത്.

മെക് സെവന് പിന്നില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനനും പറഞ്ഞിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പരിശോധിച്ചപ്പോള്‍ അതില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉണ്ടെന്ന് കണ്ടെത്തി എന്നുമായിരുന്നു പി. മോഹനന്‍ ആരോപിച്ചത്.

അതേസമയം മെക് സെവനുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംഘടനയുടെ അംബാസിഡറായ ബാവ അറക്കല്‍ പ്രതികരിച്ചിരുന്നു. 2012ലാണ് സൈന്യത്തില്‍ നിന്ന് വിരമിച്ച മലപ്പുറം തുറക്കല്‍ സ്വദേശി സലാഹുദ്ദീന്‍ എന്ന വ്യക്തി മെക് സെവന്‍ എന്ന വ്യായാമ കൂട്ടായ്മക്ക് രൂപം നല്‍കിയത്.

Content Highlight: It teaches that it is okay for men and women to come together; Kanthapuram Abubakar Musalyar criticizes Mexeven again

We use cookies to give you the best possible experience. Learn more