| Tuesday, 10th March 2026, 10:52 pm

ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡിന് സമയമായി: സുപ്രീം കോടതി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. 1937ലെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ വിവേചനപരമായ വശങ്ങളെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ആര്‍. മഹാദേവന്‍, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കട്ടെയെന്നും കോടതി പറഞ്ഞു. ഓരോ മതവുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളേക്കാളും നല്ലത് ഒരു ഏകീകൃത സിവില്‍ നിയമമാണെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

എന്നാൽ ശരിയത്ത് നിയമത്തിലെ അനന്തരാവകാശ വ്യവസ്ഥ റദ്ദാക്കിയാല്‍ അത് നിയമപരമായ ഒരു ശ്യൂന്യത സൃഷ്ടിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

മുസ്‌ലിം അനന്തരാവകാശത്തെ നിയന്ത്രിക്കുന്ന നിയമം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. ശരിയത്ത് നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

നിയമപരമായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ പരിഷ്‌കാരങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ഇതൊരു ഉത്തരവല്ലെന്നും കോടതിയുടെ അഭിപ്രായ പ്രകടനം മാത്രമാണെന്നും ബെഞ്ച് വ്യക്തമാക്കി.

Content Highlight: It’s time for a uniform civil code in India: Supreme Court

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more