ടെക്സസ്: കുടിയേറ്റക്കാരിയും അമേരിക്കൻ പൗരയുമായ ലാറ്റിൻ അമേരിക്കൻ-സ്പാനിഷ് വംശജയായ സ്ത്രീക്ക് നേരെ വംശീയാധിക്ഷേപവുമായി സ്റ്റാർ ബക്സ്. ബ്ലാങ്ക ലോപ്പസ് എന്ന ഹിസ്പാനിക് വനിതക്കാണ് ദുരനുഭവം. സ്റ്റാർ ബക്സിൽ നിന്നും വാങ്ങിയ ഡ്രിങ്ക്സിന് മുകളിൽ കുടിയേറ്റ വിരുദ്ധ പരാമർശം എഴുതിയ നിലയിലായിരുന്നു ഇവർക്ക് ലഭിച്ചത്. തന്റെ കാപ്പി കപ്പിൽ എഴുതിയ വംശീയമായ പരാമർശത്തെ ബ്ലാങ്ക ലോപ്പസ് രൂക്ഷമായി വിമർശിച്ചു.
‘വാട്ട് ഡൂ യു കോൾ എ സിക് ഈഗിൾ? ഇല്ലീഗൽ’ എന്ന (What do you call a sick eagle? Illegal) പരാമർശമായിരുന്നു സ്റ്റാർ ബാക്‌സിൽ നിന്നും ലഭിച്ച കപ്പിൽ എഴുതിയിരുന്നത്.
താൻ കഴിഞ്ഞ ദിവസം തന്റെ രണ്ട് പെൺമക്കളോടൊപ്പം ഇർവിങ്ങിലെ സ്റ്റാർബക്സിൽ ചെല്ലുകയും ഒരു ഹോർചാറ്റ ലാറ്റെ ഓർഡർ ചെയ്യുകയും ചെയ്തുവെന്നും ലോപ്പസ് പറഞ്ഞു. തന്റെ മക്കളിൽ ഒരാൾ തന്റെ കപ്പിന്റെ മൂടിയിൽ എഴുതിയിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധിച്ചു. ‘വാട്ട് ഡൂ യു കോൾ എ സിക് ഈഗിൾ? ഇല്ലീഗൽ’ എന്ന പരാമർശം കുടിയേറ്റക്കാരിയായ തനിക്ക് വളരെയധികം വിഷമവും ബുദ്ധിമുട്ടും ഉണ്ടാക്കിയതായി അവർ പറഞ്ഞു.
സന്ദേശം കണ്ട ഉടനെ ബ്ലാങ്ക ലോപ്പസ് സംഭവം സ്റ്റോർ മാനേജരെ അറിയിച്ചു. ‘ഞാൻ അവർക്ക് കപ്പ് കാണിച്ചുകൊടുത്തു, സംഭവത്തിൽ തനിക്ക് വളരെയധികം ഖേദമുണ്ടെന്ന് പറഞ്ഞ മാനേജർ ക്ഷമ ചോദിച്ചു. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ടീമിനോട് സംസാരിക്കുമെന്നും മാനേജർ പറഞ്ഞു,’ ബ്ലാങ്ക ലോപ്പസ് പറഞ്ഞു. എന്നാൽ സ്റ്റാർബക്‌സിൽ നിന്ന് ഇതിന് ശേഷം ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും ബ്ലാങ്ക ലോപ്പസ് കൂട്ടിച്ചേർത്തു.
തെളിവിനായി കപ്പ് താൻ സൂക്ഷിച്ചിട്ടുണ്ടെന്നും സ്റ്റാർ ബാക്‌സിൽ നിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഹിസ്പാനിക് കുടിയേറ്റ അഭിഭാഷകനായ കാർലോസ് ക്വിന്റാനില്ല സ്റ്റോറിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇത് അനുചിതം മാത്രമല്ല, അസ്വസ്ഥതയുളവാക്കുന്നതുമാണെന്ന് ക്വിന്റാനില്ല പറഞ്ഞു.
ഇത് അനുചിതം മാത്രമല്ല, അസ്വസ്ഥതയുളവാക്കുന്നതുമാണ്. പ്രത്യേകിച്ച് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആഖ്യാനം നിങ്ങൾ നിയമവിരുദ്ധനാണെങ്കിൽ നിങ്ങൾ ഒരു കുറ്റവാളിയാണ്, നിങ്ങൾ ഒരു കുറ്റവാളിയാണെങ്കിൽ നിങ്ങൾ നിയമവിരുദ്ധനുമാണ് എന്നാണല്ലോ. ഈ സമയത്ത് ഇത്തരമൊരു സംഭവം നടക്കുന്നത് ഖേദകരമാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: It’s offensive: Starbucks customer slams ‘illegal’ joke on cup