അമല്‍ നീരദിന്റെ സിനിമകളില്‍ മാത്രമല്ല താന്‍ അഭിനയിക്കുകയെന്നും തന്നെ മറ്റ് സിനിമകളിലേക്ക് ആരും വിളിക്കാത്തതുകൊണ്ടാണ് അഭിനയിക്കാത്തതെന്നും നടി ജ്യോതിര്‍മയി. പുതിയ ചിത്രമായ ‘ബാച്ചിലര്‍ പാര്‍ട്ടി 2’വിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് അമല്‍ നീരദ് സിനിമകളില്‍ മാത്രം അഭിനയിക്കുന്നതിനെ കുറിച്ച് താരം സംസാരിച്ചത്.
മറ്റുള്ള സിനിമകളിലേക്ക് വിളിച്ചാല്‍ തീര്‍ച്ചയായും പോകുമെന്നും തന്നെ വിളിക്കണമെന്നുമാണ് ജ്യോതിര്‍മയി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അഞ്ച് വയസുള്ള മകന്റെ ഷെഡ്യൂള്‍ കൂടി പരിഗണിച്ചാണ് തന്റെ ജോലികള്‍ ക്രമീകരിക്കുന്നതെന്നും താരം വ്യക്തമാക്കി.
‘തീര്‍ച്ചയായും ഞാന്‍ പോകും. എന്നെ വിളിച്ചോളൂ. എനിക്കൊരു അഞ്ച് വയസുള്ള മോനുണ്ട്. മോന്റെ ഷെഡ്യൂളിന് അനുസരിച്ചാണ് ഇപ്പോള്‍ എന്റെ ഷെഡ്യൂള്‍. ഞങ്ങളുടെ തന്നെ പ്രൊഡക്ഷന്‍ ആകുമ്പോള്‍ അതിനനുസരിച്ച് ഡേറ്റും സമയവുമൊക്കെ മാനേജ് ചെയ്യാന്‍ കഴിയും.
ജ്യോതിര്‍മയി, രജിഷ വിജയന്‍, നദിയ മൊയ്ദു photo: Originals/screengrab
കഴിഞ്ഞ സിനിമയില്‍ ഒരു വലിയ ഗ്യാങ് ആയിട്ടാണ് പോയത്. എന്നാല്‍ മറ്റൊരു പ്രൊഡക്ഷനില്‍ പോയിട്ട് അതൊക്കെ ചോദിക്കുന്നത് മോശമല്ലേ? ഇവര്‍ ഫുള്‍ ഫാമിലിയായിട്ടാണോ വരുന്നതെന്ന് അവര്‍ക്ക് തോന്നുമല്ലോ,’ താരം പറഞ്ഞു.
സിനിമയിലെത്തുന്നതിന് മുമ്പേ സുഹൃത്തുക്കളായിരുന്നു താനും അമലുമെന്നും തന്നെ നായികയാക്കി ഒരു ആഡ് അമല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ട് ചെയ്തിരുന്നെന്നും ജ്യോതിര്‍മയി പറഞ്ഞു.
‘ഞാനും അമലും സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഫ്രണ്ട്‌സായിരുന്നു. അമല്‍ ആ സമയത്ത് ചെയ്ത ഒരു പരസ്യചിത്രത്തിലെ നായികയായിരുന്നു ഞാന്‍. പിന്നെ അമല്‍ ഞങ്ങളുടെ കോളേജ് ചെയര്‍മാനായിരുന്നു. ഞങ്ങളുടെ വലിയ നേതാവായിരുന്നു അമല്‍. ഞങ്ങള്‍ ഒരുപാട് അഡ്മയര്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു,’ ജ്യോതിര്‍മയി പറഞ്ഞു.
ജ്യോതിര്‍മയി photo: Instagram
‘ബാച്ചിലര്‍ പാര്‍ട്ടി 2’വിന്റെ സെറ്റിലേക്ക് മകനെ കൊണ്ടുപോയിട്ടില്ലെന്നും ചിത്രത്തില്‍ ചെറിയൊരു വേഷമാണ് തന്റേതെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. അധികം സ്‌ക്രീന്‍ സ്‌പേസില്ലാത്ത കഥാപാത്രമാണെങ്കിലും അത് ചെയ്യുന്നതില്‍ ആവേശമുണ്ടായിരുന്നെന്നും താരം പറഞ്ഞു.
അമല്‍നീരദ് സിനിമകളില്‍ സ്ലോ മോഷനുകള്‍ നിര്‍ബന്ധമാണല്ലോയെന്നും അത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത്തരം രംഗങ്ങളൊന്നുമില്ലെന്നായിരുന്നു ജ്യോതിര്‍മയിയുടെ മറുപടി.
Content Highlight: “It’s Not Just That I Act Only in Amal’s Films; It’s Also Because Nobody Approaches Me”: Jyothirmayi