| Wednesday, 8th July 2026, 6:30 pm

ഒരു രാജ്യം മുഴവന്‍ കരഞ്ഞ രാത്രി; സാംബയുടെ നെഞ്ച് തകര്‍ത്ത ജര്‍മനിക്ക് 12 വയസ്

സുദേവ് എ

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ണീര്‍ക്കടലിന് ഫുട്‌ബോള്‍ ലോകം സാക്ഷിയായിട്ട് ഇന്നേക്ക് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 12 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ബ്രസീല്‍ സ്വന്തം മണ്ണില്‍, സ്വന്തം ആരാധകരുടെ മുന്നില്‍ തകര്‍ന്നുവീണത്. ‘2014 ജൂലൈ 8’ ലോക ഫുട്‌ബോളിലെ രാജാക്കന്മാരായ കാനറികളെ ജര്‍മനി 7-1 എന്ന ഞെട്ടിപ്പിക്കുന്ന തോല്‍വിയിലേക്ക് തള്ളിവിട്ട ദിവസം.

ബെലോ ഹൊറിസോന്റയില്‍ സാംബ താളത്തില്‍ ആവേശത്തിലാവാന്‍ എത്തിച്ചേര്‍ന്ന ഒരു ജനത മുഴുവന്‍ കണ്ണീരണിഞ്ഞ രാത്രിയായിരുന്നു 12 വര്‍ഷം മുമ്പ് പിറവിയെടുത്തത്. സ്വന്തം മണ്ണില്‍ ആറാം കിരീടം നേടുകയെന്ന വലിയ സ്വപ്നവുമായി കാനറികള്‍ സെമി ഫൈനലില്‍ ജര്‍മനിക്കെതിരെ പന്തുതട്ടാനിറങ്ങി.

ജയിച്ചാല്‍ വീണ്ടുമൊരു കിരീടപ്പോരാട്ടം, തോറ്റാല്‍ മടക്കം. നിര്‍ണായക പോരാട്ടത്തില്‍ ജര്‍മന്‍ പട ബ്രസീലിന്റെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത് ഏഴ് ഗോളുകളാണ്. 2002ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കുന്ന ജര്‍മനിയെയായിരുന്നു ആരാധകര്‍ കണ്മുന്നില്‍ കണ്ടത്.

സൂപ്പര്‍താരം നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീലിനെതിരെ അതിവേഗ കൗണ്ടറുകളിലൂടെ ജര്‍മനി കുതിച്ചപ്പോള്‍ ബ്രസീല്‍ പ്രതിരോധം കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങി. ഒരു ദയയുമില്ലാതെ ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകളാണ് ജര്‍മനി ബ്രസീലിന്റെ വലയിലെത്തിച്ചത്. ജോഗോ ബോണിറ്റോ നേരില്‍ കാണാനെത്തിയ ബ്രസീല്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുകയായിരുന്നു ജര്‍മനി.

മത്സരത്തില്‍ ജര്‍മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് തോമസ് മുള്ളറായിരുന്നു. മത്സരം തുടങ്ങി 11ാം മിനിട്ടില്‍ മുള്ളര്‍ ആദ്യ പ്രഹരം ബ്രസീലിനേല്‍പ്പിച്ചപ്പോള്‍ 12 മിനിട്ടുകള്‍ക്ക് ശേഷം മിറോസ്ലാവ് ക്ലോസെ രണ്ടാം ഗോള്‍ നേടി.

പിന്നീട് ടോണി ക്രൂസിന്റെ ഇരട്ട ഗോളില്‍ ബ്രസീലിന്റെ പതനം പൂര്‍ണമായി. 24, 26 മിനിട്ടുകളിലായിരുന്നു ജര്‍മന്‍ സ്‌നൈപ്പര്‍ ബ്രസീലിന്റെ പോസ്റ്റിലേക്ക് ഗോളുകൾ അടിച്ചുകയറ്റിയത്. അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം സമി ഖദീരയിലൂടെ അഞ്ചാം ഗോളും നേടി ബ്രസീലിനെ വീണ്ടും വീണ്ടും വേദനിപ്പിച്ചുകൊണ്ടിരുന്നു.

ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ ബ്രസീലിന്റെ സ്വപ്നങ്ങളെ തല്ലിത്തകര്‍ത്തുകൊണ്ട് ജര്‍മനി വിജയം നേരത്തെ കൈവരിച്ചിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി ആന്ദ്രേ ഷുര്‍ലെ രണ്ട് ഗോളുകള്‍ കൂടി ബ്രസീലിന്റെ വലയിലാക്കി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് കാനറികളെ തള്ളിവിട്ടു.

മത്സരത്തിന്റെ 90ാം ഓസ്‌കാര്‍ മാനുവല്‍ ന്യൂയറിനെ മറികടന്ന് ബ്രസീലിന് ആശ്വാസ ഗോള്‍ നേടിയെങ്കിലും സ്റ്റേഡിയം മുഴുവന്‍ ചരിത്ര തോല്‍വിയുടെ ആഘാതത്തിലായിരുന്നു. കാനറികളുടെ ചിറകുകള്‍ നഷ്ടമായ ഈ രാത്രിയുടെ മുറിവുകള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷവും ബ്രസീല്‍ ആരാധകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

അതേസമയം നിലവില്‍ 2026 ഫിഫ ലോകകപ്പ് ആവേശം അവസാനഘട്ടത്തത്തിലേക്ക് കടന്നിരിക്കുകയാണ്. ലോക കിരീടത്തിനായി കളത്തിലിറങ്ങിയ 48 രാജ്യങ്ങളില്‍ ഇനി എട്ട് ടീമുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ ഈ ലോകകപ്പിലും തലതാഴ്ത്തി മടങ്ങി. പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് പരാജയപ്പെട്ടാണ് കാനറിപട ആറാം ലോക കിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങിയത്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ വിജയിച്ചുകയറിയത്. തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ വീഴുന്നത്.

Content Highlight: It’s been 12 years since Brazil lost to Germany by seven goals in the World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more