ചെറുപ്രായത്തിൽ തന്നെ മലയാളത്തിലെ തിരക്കുള്ള ഗാനരചയിതാവായി മാറിയ ആളാണ് വിനായക് ശശികുമാർ. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
ഭീഷ്മ പർവ്വത്തിലെ ‘രതിപുഷ്പം’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലികൾ നേരട്ടെ’ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ബോഗയ്ൻവില്ലയിലെ ‘സ്തുതി’ വാഴയിലെ ‘ഏയ് ബനാനെ’ തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്. നിലവിൽ മലയാളത്തിൽ ഏറെ തിരക്കുള്ള ഗാനരചയിതാവാണ് വിനായക്. ഇപ്പോൾ തുടരും ചിത്രത്തിലെ കൊണ്ടാട്ടം പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാർ.
‘ഞാൻ പാട്ടെഴുതാൻ തുടങ്ങിയപ്പോൾ മുതൽ കൊതിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്. ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യണം, മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്യണമെന്നൊക്കെ. ഇതൊക്കെ സംഭവിക്കാൻ കുറച്ച് സമയമെടുത്തു. പിന്നെ ആക്ടേഴ്‌സ് നമ്മുടെ പാട്ട് ലിപ് ചെയ്ത് പാടുമ്പോൾ കിട്ടുന്ന ഫീൽ എനിക്ക് സ്‌പെഷ്യലാണ്,’ വിനായക് പറയുന്നു.
എന്നാൽ മലയാളത്തിൽ ലിപ് സിങ്ക് ചെയ്ത പാട്ടുകൾ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ കൂടെ ഒരുപാട് സിനിമകളിൽ വർക്ക് ചെയ്തിട്ടിട്ടുണ്ടെന്നും എന്നാൽ അതിലൊന്നും ലിപ് സിങ്ക് ചെയ്തിട്ടുള്ള പാട്ടില്ലെന്നും വിനായക് കൂട്ടിച്ചേർത്തു.
അതിന്റെ ഫൈനൽ റിസൾട്ടാണ് കൊണ്ടാട്ടം എന്ന പാട്ടെന്നും അതിൽ മോഹൻലാൽ ഡാൻസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തരുൺ മൂർത്തി ആദ്യമേ തന്റെയടുത്ത് സിനിമയിൽ ഈ പാട്ടുണ്ടാകില്ലെന്ന് പറഞ്ഞിരുന്നുവെന്നും തനിക്കത് ശീലമാണെന്നും വിനായക് പറഞ്ഞു. തന്റെ ഒട്ടുമിക്ക പാട്ടുകളും സിനിമയിലില്ലെന്നും സിനിമയിൽ നിന്നും തന്റെ പാട്ടൊഴിവാക്കുന്നത് ശീലമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
തുടരും ആദ്യം ജനുവരിയിൽ ഇറങ്ങാനിരുന്നത് ആണെന്നും എന്നാൽ ചെറിയൊരു താമസം വന്നെന്നും പറഞ്ഞ വിനായക്, അത് ഈ പാട്ടിന് ഗുണം ചെയ്തുവെന്നും വിനായക് കൂട്ടിച്ചേർത്തു.
അല്ലെങ്കിൽ ഇത് ലിറിക്ക് വീഡിയോ മാത്രമായി വന്നേനെയെന്നും മോഹൻലാലിന് പാട്ട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇത് ഷൂട്ട് ചെയ്തതെന്നും വിനായക് കൂട്ടിച്ചേർത്തു. മീഡിയാ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: It’s become a habit to exclude songs from movies says Vinayak Sasikumar