| Monday, 7th July 2025, 5:00 pm

കട്ട് പറഞ്ഞതും ചിരിച്ച് വയറുളുക്കി, സീനിയേഴ്സ് എല്ലാവരുമുള്ള ഫ്രെയിമിലേക്ക് വരുന്നത് തന്നെ ഭാ​ഗ്യം: രാജേഷ് മാധവൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജേഷ് മാധവൻ മുഖ്യകഥാപാത്രമായി എത്തുകയും ഒപ്പം മനോജ് കെ. ജയൻ, അശോകൻ, സുധീഷ്, വിനീത്, ജഗദീഷ്, അരുൺ ചെറുകാവിൽ, അശ്വതി മനോഹരൻ, സിദ്ധാർഥ് ഭരതൻ, ശബരീഷ് വർമ, അഭിറാം രാധാകൃഷ്ണൻ, ഉണ്ണിമായ നാലപ്പാടം എന്നീ അഭിനേതാക്കൾ പ്രധാനകഥാപാത്രത്തിലെത്തിയ സിനിമയാണ് ധീരൻ.

വിൻ്റേജ് താരങ്ങളുടെ റീയൂണിയൻ എന്ന പോലെയാണ് ഈ സിനിമ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. ഇപ്പോൾ ചിത്രത്തിൽ പഴയ നടൻമാരോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് രാജേഷ് മാധവൻ.

സീനിയേഴ്സ് എല്ലാവരും ഉള്ള ഫ്രെയിമിലേക്ക് കയറുന്നതൊരു ഭാഗ്യമാണെന്നും ആദ്യം സീനിയേഴ്‌സ് എന്നുവിചാരിച്ചിട്ടാണ് സെറ്റിലേക്ക് പോയതെന്നും രാജേഷ് മാധവന്‍ പറയുന്നു. എന്നാല്‍ എല്ലാവരും തങ്ങളേക്കാള്‍ ചെറുപ്പമാണെന്നും ചിരിച്ചിട്ട് വയറുവേദനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലെ എല്ലാവരുമായും കോമ്പിനേഷന്‍ സീനുകളുണ്ടെന്നും എന്നാല്‍ കഥാപാത്രമായി നില്‍ക്കുമ്പോള്‍ സീനിയേഴ്‌സ് ആണെന്ന് തോന്നില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഇവരുടെ സിനിമകള്‍ കണ്ട് ആസ്വദിച്ചിട്ടുണ്ടെന്നും ഇപ്പോഴും വണ്ടര്‍ അടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ധീരന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവരെല്ലാവരും ഉള്ള ഫ്രെയിമിലേക്ക് കയറിനില്‍ക്കുക എന്നുപറയുന്നത് തന്നെ അതൊരു ഭാഗ്യമാണ്. ആദ്യം സീനിയേഴ്‌സ് അല്ലെ എന്നുവിചാരിച്ചിട്ടാണ് പോയത്. എന്നാല്‍ ഇവര്‍ ഞങ്ങളേക്കാളും ചെറുപ്പമാണ്. അവിടെ ഇരുന്ന് കഴിഞ്ഞാല്‍ ചിരിച്ചിട്ട് വയറ് വേദനിക്കും. എങ്ങനെയെങ്കിലും കൂട്ടത്തില്‍ നിന്നും രക്ഷപെട്ട് മാറിയിരിക്കാന്‍ ശ്രമിക്കും. എനിക്ക് എല്ലാവരുമായും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട്.

ഒരു കഥാപാത്രമായി നില്‍ക്കുമ്പോള്‍ സീനിയേഴ്‌സ് ആണെന്ന് തോന്നില്ല. ഉള്ളില്‍ ബഹുമാനം ഉണ്ട്. നമ്മള്‍ കണ്ട് ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴും പെര്‍ഫോമന്‍സുകള്‍ കണ്ട് വണ്ടര്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ മുന്നിലാണ് പോയി നില്‍ക്കുന്നതെന്ന തോന്നല്‍ തുടക്കസമയത്ത് ഉണ്ടായിരുന്നു. പിന്നെ അങ്ങനെ തോന്നുന്ന രീതിയില്‍ അല്ലായിരുന്നു അവിടുത്തെ ഒരു വര്‍ക്ക് സെറ്റപ്പ്. എല്ലാവരും ക്യാരക്ടറില്‍ കയറിക്കഴിഞ്ഞാല്‍ അതായി നില്‍ക്കുക എന്നതാണ്. പിന്നെ ഷോട്ട് കട്ട് പറഞ്ഞുകഴിഞ്ഞിട്ടാണ് ചിരിച്ചിട്ട് വയറുവേദന വരുന്നത്,’ രാജേഷ് മാധവൻ പറയുന്നു.

Content Highlight: It’s a blessing to be in the frame where all the seniors are in says Rajesh Madhavan

We use cookies to give you the best possible experience. Learn more