ന്യൂദൽഹി: ഗസയിലെ വെടിനിർത്തൽ ഇസ്രഈൽ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. വെടിനിർത്തൽ പ്രാവർത്തികമാകുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം പി.ബി പ്രസ്താവനയിൽ പറഞ്ഞു.
മുൻകാലങ്ങളിൽ ഗസയിലെ വെടിനിർത്തൽ കരാർ ഇസ്രഈൽ ലംഘിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് സി.പി.ഐ.എമ്മിന്റെ പ്രസ്താവന. വെടിനിർത്തൽ കരാർ സാധ്യമാക്കിയെന്ന് അവകാശപ്പെടുന്ന അമേരിക്ക അത് നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സി.പി.ഐ.എം പറഞ്ഞു.
യു.എൻ പ്രമേയങ്ങൾ പാലിക്കാനും ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രഈലിനെ നിർബന്ധിതമാക്കണമെന്നും സി.പി.ഐ.എം പി.വി വ്യക്തമാക്കി. ഇസ്രഈലിനും ഹമാസിനുമിടയിൽ ബന്ദികൈമാറ്റം സാധ്യമാക്കുന്ന കരാറിന്റെ ആദ്യഘട്ടത്തെ സ്വാഗതം ചെയ്യുന്നതായും സി.പി.ഐ.എം പി.ബി പറഞ്ഞു.
ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ പ്രത്യേകിച്ചും ഹമാസിനെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പതിയെ പിന്മാറുക, കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയവയാണ് വെടിനിര്‍ത്തല്‍ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.
ഇന്നലെ (വെള്ളി) ഗസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. പിന്നാലെ പതിനായിരക്കണക്കിന് ഫലസ്തീനികളാണ് വടക്കൻ ഗസയിലേക്ക് തിരിച്ചെത്തിയത്. എന്നാൽ തിരിച്ചെത്തിയ ഭൂരിഭാഗം ജനതയും ഭവനരഹിതരാണ്. നിലവില്‍ ഗസയിലെ വെടിനിര്‍ത്തലിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു സംഘം യു.എസ് സൈനികര്‍ ഗസയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിൽ 67,682 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 18460 കുട്ടികളും ഉൾപ്പെടുന്നു. 170,033 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: It must be ensured that Israel does not violate the ceasefire agreement: CPIM PB