അടുത്ത വര്‍ഷം സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്ലാനുകളെ കുറിച്ച് പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനും സെലക്ടറും 1983 ലോകകപ്പ് ടീം വിന്നിങ് അംഗവുമായിരുന്ന സന്ദീപ് പാട്ടീല്‍.
2027ലെ ഏകദിന ലോകകപ്പില്‍ വിരാട് കോഹ്ലിയോ രോഹിത് ശര്‍മയോ കളിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമിന് വലിയ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഇരുവരും തുടര്‍ന്നും കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുമോ, സെലക്ടര്‍മാരുടെ പദ്ധതിയെന്താണ് തുടങ്ങിയ കാര്യങ്ങളാകും തീരുമാനത്തില്‍ നിര്‍ണായകമാകുകയെന്ന് പാട്ടീല്‍ പറഞ്ഞു.
സന്ദീപ് പാട്ടീല്‍
സ്‌പോര്‍ട്‌സ് നെക്‌സിറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ 2027 ലോകകപ്പിലെ വിരാടിന്റെയും രോഹിത്തിന്റെയും പങ്കാളിത്തത്തെക്കുറിച്ച് പ്രതികരിച്ചത്.
”ഈ രണ്ട് താരങ്ങളുടെയും തീരുമാനത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. അവര്‍ തുടര്‍ന്നും കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അവരുടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുമോ? സെലക്ടര്‍മാരുടെ തന്ത്രം എന്താണ്? സെലക്ടര്‍മാര്‍ ഭാവിയിലേക്ക് നോക്കുന്നുണ്ടോ? നിലവിലെ താരങ്ങള്‍ക്കൊപ്പം, അവരെ ടീമില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യം വന്നാല്‍ പകരക്കാരനാകാന്‍ മതിയായ മികവുള്ള ഒരാള്‍ നമുക്കുണ്ടോ എന്നതും എപ്പോഴും പരിഗണിക്കണം.
ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് പരിഗണിക്കുമ്പോള്‍, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, വിരാടോ രോഹിത്തോ ടീമിലുണ്ടായാലും ഇല്ലെങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല,”പാട്ടീല്‍ പറഞ്ഞു.
വിരാട് കോഹ്ലിയും രോഹിത് ശർമയും മത്സരത്തിനിടെ. Photo: BCCI/x.com
കോഹ്‌ലിയെയും രോഹിത്തിനെയും ഇതിഹാസ താരങ്ങളെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്കതീതമാണെന്നും പാട്ടീല്‍ വ്യക്തമാക്കി.
”വിരാടും രോഹിത്തും നിരവധി വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാണ്. അവര്‍ ഇതിഹാസങ്ങളായി പരിഗണിക്കപ്പെടും. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മ അസാധാരണനായ താരമാണ്. വിരാടിന്റെ കാര്യത്തില്‍ എത്ര പറഞ്ഞാലും അത് മതിയാകില്ല,” പാട്ടീല്‍ പറഞ്ഞു.
Photo: BCCI
ജസ്പ്രീത് ബുംറ ടീമില്‍ നിന്ന് മാറിനില്‍ക്കുന്ന ഘട്ടത്തിലും ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് വലിയ പ്രശ്നമുണ്ടാകില്ലെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി. മണിക്കൂറില്‍ 140 കിലോമീറ്ററിനടുത്ത് വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന മൂന്നോ നാലോ ബൗളര്‍മാര്‍ ഇന്ത്യക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
”മണിക്കൂറില്‍ ഏകദേശം 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന മൂന്നോ നാലോ ബൗളര്‍മാര്‍ നമുക്കുണ്ട്, അവര്‍ മികച്ച രീതിയില്‍ കളിക്കുന്നുമുണ്ട്. ജസ്പ്രീത് ബുംറ പോയിക്കഴിഞ്ഞാല്‍ ഇന്ത്യന്‍ ബൗളിങ് പൂര്‍ണമായും നിശ്ചലമാകുമെന്നല്ല. മറ്റാരെങ്കിലും മുന്നോട്ടുവരും.
രണ്ട് ദിവസം മുമ്പ് വി.വി.എസ്. ലക്ഷ്മണൊപ്പം ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ഞാനുണ്ടായിരുന്നു. അവിടുത്തെ സൗകര്യങ്ങള്‍ നോക്കൂ. ബി.സി.സി.ഐ വളരെ മികച്ച ജോലിയാണ് ചെയ്തതെന്ന് ഞാന്‍ പറയും. ഇതുപോലുള്ള സൗകര്യങ്ങളുള്ളതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച ബൗളര്‍മാരെ മാത്രമല്ല, മികച്ച ബാറ്റര്‍മാരെയും തുടര്‍ന്നും സൃഷ്ടിക്കാന്‍ കഴിയുമെന്ന് എനിക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ട്,” പാട്ടീല്‍ പറഞ്ഞു.
Content Highlight: It makes no difference whether Virat and Rohit are in the team or not; India’s World Cup hero on the plan for the 2027 World Cup.