| Monday, 6th October 2025, 9:25 am

അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നത് മാത്രമല്ല, ദര്‍ഗയില്‍ തുണിവിരിക്കുന്നതും മന്ത്രി ചെയ്താല്‍ തെറ്റാണ്: കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തി ആള്‍ദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരു പോലെ തെറ്റാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി നേതാവ് കെ.എം ഷാജി.

ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.എം ഷാജി. സര്‍ക്കാര്‍ അമൃതാനന്ദമയിയെ ആദരിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു.

അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ അമൃതപുരിയിലെത്തിയ മന്ത്രി സജി ചെറിയാന്‍ അവരെ ചേര്‍ത്ത് പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇതിനെ വിമര്‍ശിക്കുന്നതിനിടെയാണ് കെ.എം ഷാജി ഒരു മന്ത്രി ആള്‍ദൈവത്തെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും തെറ്റാണെന്ന് പറഞ്ഞത്.

‘അമൃതാനന്ദമയി എന്ന ആള്‍ദൈവത്തെ സ്‌നേഹിച്ചോട്ടെ, ഇഷ്ടപ്പെട്ടോട്ടെ, ഉമ്മ വെച്ചോട്ടെ, കെട്ടിപിടിച്ചോട്ടെ പക്ഷെ അതൊരു മന്ത്രി ചെയ്യുമ്പോള്‍ തെറ്റാണ്. അമൃതാനന്ദമയി എന്ന ആള്‍ ദൈവത്തിന്റെ കാര്യം മാത്രമല്ല, ദര്‍ഗയില്‍ പോയി തുണി വിരിക്കുമ്പോള്‍ അതും തെറ്റാണ്. അത് മന്ത്രി ചെയ്യേണ്ടതല്ല, അതൊരു മന്ത്രിയുടെ പണിയല്ല. അതാണ് പ്രശ്‌നം’, കെ.എം ഷാജി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതിനെയും കെ.എം ഷാജി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളെ ബലി കൊടുത്തിട്ടാണോ ബി.ജെ.പിയെ ഇവിടെ തടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

വനിത മതില്‍ സംഘടിപ്പിച്ച സി.പി.ഐ.എം തന്നെ അയ്യപ്പ സംഗമം നടത്തിയതിനെയും കെ.എം ഷാജി ചോദ്യം ചെയ്തു. ശബരിമലയിലെ ഹിന്ദു ആചാരത്തെ തള്ളിപ്പറയാനും ചോദ്യം ചെയ്യാനും മുസ്‌ലിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും വനിത മതിലില്‍ മുസ്‌ലിങ്ങള്‍ പങ്കെടുത്തതിനെ താന്‍ എതിര്‍ത്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളിയില്‍ പെണ്ണുങ്ങള്‍ ബാങ്ക് കൊടുക്കുന്നത് കേള്‍ക്കുന്നത് മനോഹരമായിരിക്കും. എന്നാല്‍ ഇതുവരെ ഒരു സ്ത്രീയും പള്ളിയില്‍ ബാങ്ക് വിളിച്ചിട്ടില്ല. അത് ഇസ്‌ലാം അനുവദിക്കാത്തതുകൊണ്ടാണ്. അതിനെ മറ്റ് മതസ്ഥര്‍ ചോദ്യം ചെയ്യുന്നതില്‍ കഴമ്പില്ലെന്നും ഷാജി വിശദീകരിച്ചു.

Content Highlight: It is wrong for a minister to not only hug Amritanandamayi but also spread clothes at the dargah: KM Shaji

We use cookies to give you the best possible experience. Learn more