| Monday, 18th May 2026, 6:12 pm

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചത് ആശങ്കാജനകം: മുഹമ്മദ് റിയാസ്

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: ഇന്ന് നടന്ന കേരളാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിനെതിരെ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്.

ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണെന്നും തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണെന്നും റിയാസ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നെന്നും, ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നെന്നും റിയാസ് ഓർമിപ്പിച്ചു.

നിലവിൽ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു ഉപദേശം മാത്രമാണെന്നും, അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നും വന്ന പല നിർദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു,’ ബേപ്പൂർ എം.എൽ.എ പറഞ്ഞു.

പുതിയ സർക്കാരിനെ തുടക്കത്തിലേ കണ്ണടച്ച് വിമർശിക്കുകയാണെന്ന് കാണേണ്ടതില്ലെന്നും ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പുതുതായി അധികാരത്തിലേറിയ സർക്കാരിന് ആശംസകൾ നേർന്നുകൊണ്ടാണ് റിയാസ് കുറിപ്പ് അവസാനിപ്പിച്ചത്.

നേരത്തെ തമിഴ്‌നാട്ടിലെ വിജയ് മന്ത്രിസഭ അധികാരമേൽക്കുമ്പോഴും വേദിയിൽ വന്ദേ മാതരം ആലപിച്ചിരുന്നു. തമിഴ് സംസ്ഥാന ഗാനമായ തമിഴ് തായ്വാഴ്ത്തിനേക്കാൾ വന്ദേമാതരത്തിന് പ്രാധാന്യം നൽകിയതിൽ വലിയ വിമർശനവും ഉയർന്നിരുന്നു.

തമിഴ്‌നാട്ടിലെ സർക്കാർ ചടങ്ങുകൾ തമിഴ് തായ്വാഴ്ത്തോടു കൂടി ആരംഭിക്കുകയും ദേശീയ ഗാനത്തോടെ അവസാനിക്കുകയും ചെയ്യുന്നതാണ് കാലങ്ങളായുള്ള കീഴ്വഴക്കം. വിജയ് ഇത് തെറ്റിച്ചുവെന്നായിരുന്നു വിമർശനം.

ഗവർണർ നിർബന്ധിച്ചതിനെ തുടർന്നാണ് ആദ്യം വന്ദേമാതരം പാടിയതെന്നും ഭാവിയിൽ ആവർത്തിക്കില്ലെന്നുമായിരുന്നു ഈ വിമർശനങ്ങൾക്ക് ടി.വി.കെ നേതാവ് ആദവ് അർജുന മറുപടി പറഞ്ഞത്. തമിഴ് വാഴ്ത്ത് മൂന്നാമതായി ആലപിക്കുന്നതിനോട് ടി.വി.കെ യോജിക്കുന്നില്ലെന്നും ആദവ് അർജുന പറഞ്ഞിരുന്നു.

Content Highlight: It is worrying that Vande Mataram was sung in its entirety during the swearing-in ceremony: Muhammad Riyaz

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more