ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. വിജയ്‌യുടെ സര്‍ക്കാരിന് പ്രവര്‍ത്തനം തെളിയിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ സാവകാശമെങ്കിലും നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞു.
അധികാരമേറ്റ് 120 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് തിടുക്കമാവുമെന്നും ഒരു വര്‍ഷത്തിന് ശേഷവും പ്രതീക്ഷിച്ച ഭരണം കാഴ്ചവെച്ചില്ലെങ്കില്‍ താന്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുച്ചിറപ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
‘ വോട്ട് ചെയ്തവര്‍ക്ക് മാത്രമല്ല, ചെയ്യാത്തവര്‍ക്കും കൂടിയാണ് മുഖ്യമന്ത്രി. അതിനാല്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം നല്‍കണം. ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നതുവരെയെങ്കിലും നമ്മള്‍ കാത്തിരിക്കണം,’ പ്രകാശ് രാജ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് വിജയിയെക്കുറിച്ച് തനിക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ജനവിധി മാനിച്ച് പുതിയ സര്‍ക്കാരിന് സമയം നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയിയുടെ വിദേശയാത്രയെയും നടന്‍ അജിത്തുമായുള്ള കൂടിക്കാഴ്ചയെയും പ്രകാശ് രാജ് പിന്തുണച്ചു. അദ്ദേഹം തന്റെ സുഹൃത്തിനെ കണ്ടതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദേശ സന്ദര്‍ശനത്തിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സാധിച്ചതായാണ് അറിയാന്‍ കഴിഞ്ഞതെന്നും, സുഹൃത്തിനെ സന്ദര്‍ശിച്ചതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തോല്‍വി വഴങ്ങിയത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍അപാകതകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാടും കര്‍ണാടകയും ചര്‍ച്ചയിലൂടെ സൗഹാര്‍ദപരമായ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Content Highlight: It is too early to evaluate Vijay’s governance; let us give him a year, says Prakash Raj.