അറിയപ്പെടുന്ന സംവിധായകനും നടനുമാണ് ജിയോ ബേബി. അദ്ദേഹം സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ 51ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മീശയാണ്. ഇപ്പോൾ കോളനിയെക്കുറിച്ചും ജാതീയതയെക്കുറിച്ചും സംസാരിക്കുകയാണ് ജിയോ ബേബി.
കോളനി രണ്ടുവിധത്തിലുണ്ടെന്നും പ്രിവിലേഡ്ജ് ആയിട്ടുള്ള ആളുകള്‍ താമസിക്കുന്ന കോളനികള്‍ ഉണ്ടെന്നും മറ്റൊന്ന് സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന കോളനിയാണെന്നും ജിയോ ബേബി പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മനുഷ്യരുടെ ഇടങ്ങളെക്കുറിച്ച് മോശമായിട്ട് സംസാരിക്കാറുണ്ടെന്നും ഇതൊരു സാമൂഹിക പ്രശ്‌നമാണെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെന്നും വിദ്യാഭ്യാസമുള്ള ആളുകളാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മനുഷ്യരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുമെന്ന് പ്രതീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോളനി ശരിക്കും പറഞ്ഞാല്‍ രണ്ടുതരത്തിലുണ്ട്. ഇപ്പോള്‍ എറണാകുളത്ത് പല കോളനീസ് ഉണ്ട്. പ്രിവിലേഡ്ജ് ആയിട്ടുള്ള ആളുകള്‍ താമസിക്കുന്ന കോളനീസ് ഉണ്ട്. പോര്‍ഷ് കോളനികള്‍. വി.ഐ.പി കോളനി അങ്ങനെയൊക്കെ.
മറ്റേ കോളനി അതായത് ഇപ്പോള്‍ ലക്ഷം വീട് കോളനി പദ്ധതി എന്നുപറയുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അവസ്ഥ വന്നത് അതിലൂടെയൊക്കെയാണ്.
അപ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അത്തരം മനുഷ്യരുടെ ഇടങ്ങളെ നമ്മള്‍ കാലങ്ങളായി മോശമായിട്ട് സംസാരിക്കാന്‍ തുടങ്ങി. എല്ലായിടത്തും അത് കാണാറുണ്ട്. ഇതൊരു സാമൂഹികമായുള്ള പ്രശ്‌നമാണ്. ഇതിനെയൊന്നും സ്‌കൂളില്‍ പഠിപ്പിക്കുന്നൊന്നും ഇല്ലല്ലോ. ഈ പറയുന്ന നല്ല വിദ്യാഭ്യാസമുള്ള ജനറേഷന്‍ തന്നെയാണ് ഈ പദപ്രയോഗങ്ങളെക്കെ നടത്തുന്നത്. ഇതിനെക്കുറിച്ചും മനുഷ്യരെ റെസ്‌പെക്ട് ചെയ്യുന്നതിനെക്കുറിച്ചും ഇനി വരും എന്നാശ്വസിക്കാം,’ ജിയോ ബേബി പറയുന്നു.
മീശ
തമിഴ് താരം കതിര്‍, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മീശ. വികൃതി എന്ന ചിത്രം സംവിധാനം ചെയ്ത എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രം നിര്‍മിക്കുന്നത്.
ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം തമിഴ് താരം കതിര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.
Content Highlight: It is the educated generation that uses casteist terms Says Jeo Baby