വീറും വാശിയോടെയും പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ ആവേശം വാനോളം ഉയരാന്‍ ഇനി രണ്ട് നാളുകള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 28ന് തുടങ്ങുന്ന സീസണ്‍ രണ്ട് മാസത്തോളം നീണ്ടു നില്‍ക്കും.
19ാം സീസണിന് തുടക്കം കുറിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സണ്‍റൈസേഴ്സ് ഹൈദരാബാദിനെ സ്വന്തം തട്ടകത്തില്‍ നേരിടുന്നതോടെയാണ്. പിന്നാലെ ഓരോ ടീമുകളായി കളത്തിലെത്തും. എല്ലാവരുടെയും ലക്ഷ്യം കിരീടം മാത്രം.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ഐ.പി.എല്ലിന് ഒരു പ്രത്യേകതയുണ്ട്. ടൂര്‍ണമെന്റില്‍ ഇറങ്ങുന്ന എല്ലാ ടീമുകളും കളത്തിലെത്തുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് കീഴിയിലാണ്.
2026 ലെ ഐ.പി.എൽ ക്യാപ്റ്റന്മാർ. Photo: Crictracker/x.com
സണ്‍റൈസേഴ്സ് ഹൈദരബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പരിക്ക് കാരണം സീസണിന്റെ തുടക്കം നഷ്ടമാവുന്നതിനാലാണ് ഇത്തരമൊരു സാഹചര്യത്തിന് കളമൊരുന്നുങ്ങുന്നത്. ഹൈദരബാദിനെ ഈ സീസണില്‍ നയിക്കുന്നത് ഇഷാന്‍ കിഷനാണ്.
കിഷനെ ക്യാപ്റ്റനാക്കിയതോടെ എല്ലാ ടീമുകള്‍ക്കും ഇന്ത്യന്‍ നായകന്മാരെത്തി. രജത് പടിദാര്‍ (ആര്‍.സി.ബി), ശ്രേയസ് അയ്യര്‍ (പി. ബി. കെ. എസ്), ഹര്‍ദിക് പാണ്ഡ്യ (എം. ഐ), ഋതുരാജ് ഗെയ്ക്വാദ് (സി. എസ്. കെ), അജിന്‍ക്യ രഹാനെ (കെ. കെ. ആര്‍), ശുഭ്മന്‍ ഗില്‍ (ജി. ടി), റിഷബ് പന്ത് (എല്‍. എസ്. ജി), അക്സര്‍ പട്ടേല്‍ (അക്സര്‍ പട്ടേല്‍), റിയാന്‍ പരാഗ് (ആര്‍. ആര്‍) എന്നിവരാണ് മറ്റ് ക്യാപ്റ്റന്മാര്‍.
എന്നാല്‍, ഇത് ആദ്യമായല്ല ഒരു സീസണില്‍ ഐ. പി. എല്ലില്‍ എല്ലാ ടീമുകളെയും ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ നയിക്കുന്നത്. 2019ലും ഇതേ സാഹചര്യമുണ്ടായിരുന്നു. അന്നും സണ്‍റൈസേഴ്‌സും ഒരു പരിക്കും തന്നെയാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചത്.
ആ സീസണില്‍ ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണായിരുന്നു എസ്. ആര്‍. എച്ചിന്റെ ക്യാപ്റ്റന്‍. എന്നാല്‍, സീസണിന് തൊട്ട് മുമ്പ് താരത്തിന് പരിക്കേറ്റു. അതിനാല്‍, ഭുവനേശ്വര്‍ കുമാറിനെ ക്യാപ്റ്റനാക്കി. ഭുവി ആ സീസണില്‍ ആദ്യ മത്സരത്തില്‍ ടീമിനെ നയിച്ചു.
2019 ലെ ഐ.പി.എൽ ക്യാപ്റ്റന്മാർ. Photo: Crictracker/x.com
രണ്ടാം മത്സരത്തില്‍ കെയ്ന്‍ തന്നെ ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും അടുത്ത മത്സരത്തില്‍ ഭുവി ക്യാപ്റ്റനായി മടങ്ങിയെത്തി. പിന്നീട് ഇന്ത്യന്‍ പേസര്‍ നാല് മത്സരങ്ങളില്‍ ടീമിനെ നയിച്ചു.
എം. എസ് ധോണി ((സി. എസ്. കെ), രോഹിത് ശർമ (എം.ഐ), വിരാട് കോഹ്‌ലി (ആർ.സി.ബി), അജിൻക്യ രഹാനെ (ആർ.ആർ), ആർ. അശ്വിൻ (പി.ബി.കെ.എസ്), ദിനേശ് കാർത്തിക് (കെ.കെ.ആർ), ശ്രേയസ് അയ്യർ (ഡി.സി) എന്നിവരായിരുന്നു ആ വർഷത്തെ മറ്റ് ക്യാപ്റ്റന്മാർ.
Content Highlight: It is second season with all teams have Indian captains in IPL