| Friday, 13th December 2024, 12:33 pm

അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യയില്‍ ഓരോ വര്‍ഷവും 15 ലക്ഷത്തോളം പേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അപകടകരമായ അന്തരീക്ഷ മലിനീകരണം മൂലം ഓരോ വര്‍ഷവും 15 ലക്ഷം ഇന്ത്യക്കാര്‍ മരിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ നഗരങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ 81.9ശതമാനം പേരും, വായുവിന്റെ ഗുണനിലവാരം രാജ്യത്തിന്റെ ആംബിയന്റ് എയര്‍ ക്വാളിറ്റി സ്റ്റാന്റേര്‍ഡിലെ കുറഞ്ഞ അളവായ പി.എം 2.5 പോലും പാലിക്കാത്ത പ്രദേശങ്ങളിലാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വായുവിന്റെ ഗുണനിലവാരം മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൂടിയും വായു മലിനീകരണവുമായി ബന്ധപ്പെട്ട് 0.3 ശതമാനം ദശലക്ഷം മരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും പഠനം പറയുന്നു.

അന്തരീക്ഷ മലിനീകരണം ആരോഗ്യത്തില്‍ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്നും മലിനീകരണം കുറയ്ക്കാന്‍ പ്രോ ആക്ടീവ് സമീപനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാഹന മലിനീകരണം, നിര്‍മാണം, വിളകള്‍ കത്തിക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനാണ് പ്രോ ആക്ടീവ് സമീപനങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത് മരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നും വായു മലിനീകരണം ശ്വസന വ്യവസ്ഥയെ മാത്രമല്ല, ഹൃദയാഘാതം പോലുള്ള അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും കുട്ടികളുടെ വളര്‍ച്ച കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ല്‍ അരുണാചല്‍ പ്രദേശിലെ ലോവര്‍ സുബിന്‍സില്‍ ജില്ലയില്‍ നിരീക്ഷിച്ചതിന്റെയും 2016 ല്‍ ഗാസിയാബാദിലും ദല്‍ഹിയിലും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ ശരിവെക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉണ്ടായിട്ടുള്ള ആകെ മരണങ്ങളുടെ എണ്ണം പരിശോധിക്കാന്‍ പൗരത്വ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചതായും പറയുന്നു.

അതേസമയം ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ മരണം കൂടുതലാണെന്നും എന്നാല്‍ ജനസംഖ്യാ വര്‍ധനവും ഉപയോഗിച്ച രീതിശാസ്ത്രവുമായിരിക്കാം അതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: It is reported that around 15 lakh people die every year due to air pollution in India

We use cookies to give you the best possible experience. Learn more