തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയില്‍ യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയില്‍ വൈദ്യുതി മുടങ്ങുന്നത് മനുഷ്യാവകാശ ലംഘനമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിങ്ങള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നതെങ്കില്‍ അത് വേണ്ട. അത് നിങ്ങള്‍ സര്‍ക്കാറിനോട് ചോദിച്ച് ഉത്തരം വാങ്ങുകയും അതിനുള്ള പ്രതിവിധി കണ്ടെത്തുകയും ചെയ്യുക. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞാനില്ല. കാരണം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് എത്തിയത്?,’ സുരേഷ് ഗോപി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയില്‍ കഴിഞ്ഞ സര്‍ക്കാരിനും ഉത്തരവാദിത്തമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
‘ മുന്‍ സര്‍ക്കാരുകള്‍ക്കും ഇതില്‍ ഉത്തരവാദിത്തമില്ലേ…യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സമയമായിട്ടില്ല. കാര്യങ്ങള്‍ വ്യക്തമാകട്ടെ.
മാധ്യമങ്ങളുടെ സൗകര്യത്തിന് ഞങ്ങളെക്കൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കണം എന്ന് വിചാരിക്കുന്നതിന് പിന്നില്‍ ഒരു ദുഷ്ടലാക്കുണ്ട്,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം താന്‍ പറഞ്ഞകാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ ടൂറിസം പ്രൊജക്ടുകള്‍ കൊണ്ടുവന്നപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം എന്ത് തരത്തിലുള്ള സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആ വാക്ക് ഉപയോഗിക്കുന്നില്ല.
എന്നാല്‍ വി.ഡി സതീശനെ വിളിച്ചു പറഞ്ഞപ്പോള്‍ തടസങ്ങള്‍ നീക്കുകയും പദ്ധതിമുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു. അതിന് എന്താ എനിക്ക് അങ്ങനെ പറഞ്ഞൂടെ അതിനെ നീങ്ങള്‍ ഡീലിലേക്ക് കൊണ്ടുപോയാല്‍ എങ്ങനെ ശരിയാകും? അത്തരം ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: It is not yet time to criticize the UDF government; the previous government also bears responsibility for the power cut: Suresh Gopi.