| Thursday, 8th May 2025, 10:43 am

സിസ്റ്റം ചെയ്ത തെറ്റിന് ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് ശരിയല്ല; റേഞ്ച് ഓഫീസറുടെ സ്ഥലംമാറ്റത്തില്‍ വേടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റേഞ്ച് ഓഫീസറുടെ സ്ഥലംമാറ്റത്തില്‍ പ്രതികരിച്ച് വേടന്‍. സിസ്റ്റം ചെയ്ത തെറ്റിന് ഒരു വ്യക്തിയെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് വേടന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വേടന്റെ പ്രതികരണം.

‘അധീഷ് സാറിനെ സ്ഥലംമാറ്റിയെന്ന വിവരമാണ് ഞാന്‍ അറിഞ്ഞത്. ഒരു സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്,’ വേടന്‍ പറഞ്ഞു.

അതേസമയം വേടനെതിരായ വനംവകുപ്പിന്റെ നടപടിയെ തുടര്‍ന്ന് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളം ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ.എഫ്.ആര്‍.എ) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

വേടനെതിരെ സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് അസോസിയേഷന്‍ പറയുന്നത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്.

ആള്‍ക്കൂട്ടത്തിന്റെ കൈയടിക്ക് വേണ്ടി ഉദ്യോഗസ്ഥനെ ബലിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ പറയുന്നു. നടപടി പുനഃപരിശോധിച്ചില്ലെങ്കില്‍ മെയ് 12ന് കരിദിനം ആചരിക്കുമെന്നും ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഉദ്യോഗസ്ഥരുടെ പ്രതിഷേധം സ്വാഭാവികമായ ഒന്നാണെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട്. പ്രതികാര മനോഭാവത്തോടെയല്ല സര്‍ക്കാര്‍ നടപടിയെടുത്തതെന്നും ന്യായമുള്ള പരാതിയാണെങ്കില്‍ പരിഹരിക്കുമെന്നും എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടനാട് റേഞ്ച് ഓഫീസര്‍ അധീനിഷിനെയാണ് സ്ഥലം മാറ്റിയത്. മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചതിലായിരുന്നു സ്ഥലംമാറ്റം.

വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശവും നല്‍കിയിരുന്നു. റേഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ചട്ടപ്രകാരമാണ് നടപടിയെടുത്തതെന്ന വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു മന്ത്രിയുടെ നടപടി.

എന്നാല്‍ മുന്‍കൂര്‍ അനുമതി തേടാതെ മാധ്യമങ്ങളോട് വേടനെതിരെ സംസാരിച്ചത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട നടപടികളാണുണ്ടായതെന്നും വേടന്റെ ശ്രീലങ്കന്‍ ബന്ധം അടക്കം തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും വനംവകുപ്പ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: It is not right to punish an individual for a mistake made by the system; Vedan on the transfer of a range officer

We use cookies to give you the best possible experience. Learn more