സീരിയലിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രമാണ് സ്വാസികയുടെ ആദ്യ സിനിമ. പിന്നീട് തമിഴിലും മലയാളത്തിലും ചെറുതും വലുതുമായ വേഷങ്ങളിൽ നടി അഭിനയിച്ചു. ചതുരം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
2020ൽ വാസന്തിയിലെ പ്രകടനത്തിന് സ്വാസികക്ക് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 2024ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ലബ്ബർ പന്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമയിലെ തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധം തനിക്കില്ലെന്ന് നടി പറയുന്നു.
’13 വർഷമായി വന്നും പോയും സിനിമയിലുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്നതിനാൽ, നായികയായി അവസരങ്ങൾ കിട്ടണമെന്ന് ആദ്യമൊക്കെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അതൊന്നും ചിന്തിക്കാറില്ല. നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധവുമില്ല. നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടണം,’ സ്വാസിക പറയുന്നു.
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രം മറ്റൊരാൾ ചെയ്യേണ്ടിയിരുന്നതാണെന്നും വളരെ പെട്ടെന്നാണ് ആ വേഷം തന്നിലേക്ക് എത്തിയതെന്നും സ്വാസിക പറഞ്ഞു.
ചെറുതാണെങ്കിലും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെന്നും തനിക്ക് സിനിമയിലേക്ക് റീ എൻട്രി കിട്ടിയെന്നും സ്വാസിക കൂട്ടിച്ചേർത്തു. ഇപ്പോഴും ചിത്രത്തിലെ തേപ്പുകാരി ചർച്ചകളിലുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. ആ സിനിമയിൽ അഭിനയിക്കുമ്പോഴാണ് നടൻ സിജു വിൽസൺ തന്നോട് വാസന്തി സിനിമയെക്കുറിച്ച് പറഞ്ഞതെന്നും സിജുവായിരുന്നു അതിന്റെ നിർമാണമെന്നും നടി പറയുന്നു.
‘പല പ്രതിസന്ധികൾ താണ്ടി ഷൂട്ടിങ് പൂർത്തിയാക്കിയെങ്കിലും ചിത്രം റിലീസ് ചെയ്യാനോ പ്രേക്ഷകരിലേക്ക് എത്തിക്കാനോ കഴിഞ്ഞില്ല. രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് ആ സന്തോഷവാർത്ത വന്നത്. സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനം. ചാനലിൽ വാർത്ത കണ്ടിരിക്കെ സ്‌ക്രീനിൽ ഞാനെന്റെ പേര് വായിച്ചു. മികച്ച സഹ നടി- സ്വാസിക വിജയ്, സിനിമ – വാസന്തി. ആ ഞെട്ടലിൽ ഫോൺ കയ്യിൽ നിന്നും താഴെപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചതല്ലല്ലോ. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്,’ സ്വാസിക കൂട്ടിച്ചേർത്തു.
Content Highlight: It is not mandatory to act only as the heroine says Swasika