| Friday, 21st August 2026, 10:14 pm

അത് അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ യാത്രാവിവരങ്ങള്‍ പുറത്ത് വിടാന്‍ വിസമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിഷാന. വി.വി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ വിവരങ്ങളും അതിനായി ചെലവഴിച്ച പൊതുപണത്തിന്റെ കണക്കുകളും പുറത്തുവിടാന്‍ വിസമ്മതിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇവ വ്യക്തിഗത വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി യാത്രയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചത്. മുന്‍ രാജ്യസഭാംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സാകേത് ഗോഖലെയാണ് ഇത് സമ്മതിച്ച വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.

2025 ഫെബ്രുവരി 19ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് മുതല്‍ ഗ്യാനേശ് കുമാര്‍ നടത്തിയ ആഭ്യന്തര-വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍, യാത്രയുടെ ലക്ഷ്യം, കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, യാത്ര, താമസം, ദിനബത്ത എന്നിവയ്ക്കായി ചെലവഴിച്ച തുകയുടെ പൂര്‍ണമായ കണക്കുകള്‍ എന്നിവ ആവശ്യപ്പെട്ടാണ് സാകേത് ഗോഖലെ വിവരാവകാശ അപേക്ഷ നല്‍കിയിരുന്നത്.

എന്നാല്‍ ഈ വിവരങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങളാണെന്നും വിവരം പുറത്തുവിടാന്‍ കഴിയില്ലെന്നും കാണിച്ച് ജൂലൈ 31ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുകയായിരുന്നു.

പൊതുഫണ്ടില്‍ നിന്ന് ഔദ്യോഗിക യാത്രകള്‍ക്കായി ചെലവഴിക്കുന്ന തുക എങ്ങനെയാണ് വ്യക്തിഗത വിവരമാകുന്നത് എന്ന് സാകേത് ഗോഖലെ ചോദിച്ചു. പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചെലവുകള്‍ പോലും പാര്‍ലമെന്റില്‍ വെളിപ്പെടുത്താറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യതയില്ലാത്ത സ്ഥാപനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഗ്യാനേഷ് കുമാര്‍ സ്വകാര്യ സ്ഥാപനങ്ങളെ പോലൊണ് കൊണ്ടുപോവുന്നതെന്നും സാകേത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Content Highlight: It is his personal information: Election Commission refuses to disclose Chief Election Commissioner’s travel details.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more