| Thursday, 24th July 2025, 12:01 pm

അരുൺകുമാറിനേപ്പോലുള്ള മാധ്യമ പ്രവർത്തകർ സാമാന്യ മര്യാദ പുലർത്തുന്നത് നല്ലതാണ്: വി.ടി ബൽറാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമർശനം. മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ അദ്ദേഹം നടത്തിയ ഒരു പരമാർശമാണ് വിവാദമായത്.

വി.എസിന്റെ ശവകുടീരത്തിന് മുന്നിൽ ആരും മെഴുകുതിരിയുമായെത്തില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശവകുടീരത്തിന് മുന്നിൽ നിരവധി പേർ മെഴുകുതിരി കത്തിക്കുകയും ചിലരെങ്കിലും അദ്ദേഹത്തെ വിശുദ്ധനെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ പരിഹസിച്ചാണ് ഡോ. അരുൺ കുമാർ പരാമർശം നടത്തിയതെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വി.ടി ബൽറാം വിമർശനവുമായെത്തിയത്.


അരുൺ കുമാറിന്റെ വാക്കുകൾ

മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാൻ ഓരോരുത്തർക്കും ഓരോ രീതികളായിരിക്കുമെന്നും അത് ഓരോരുത്തരുടെ വിശ്വാസവും ശീലവുമാണെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവരെ നേരിട്ട് ബുദ്ധിമുട്ടിക്കാത്തിടത്തോളം അത്തരം രീതികളിലെ ശരിതെറ്റുകളും യുക്തിയുമൊക്കെ അത് ചെയ്യുന്നവർ മാത്രം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.

‘മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാൻ ഓരോരുത്തർക്കും ഓരോ രീതികളായിരിക്കും. ചിലർ മുഷ്ടി ചുരുട്ടും, ചിലർ മുദ്രാവാക്യം വിളിക്കും, ചിലർ പൂക്കളർപ്പിക്കും, ചിലർ മെഴുകുതിരി കത്തിക്കും, ചിലർ മൗനമായി നിൽക്കും, ചിലർ നോമ്പ് നോൽക്കും, ചിലർ ബലിയിടും, ചിലർ അനുസ്മരണ സമ്മേളനം നടത്തും, ചിലർ അന്നദാനമോ ചാരിറ്റി പ്രവർത്തനങ്ങളോ നടത്തും.

അവരവരുടെ വിശ്വാസവും ശീലങ്ങളുമൊക്കെയായിരിക്കും ഈ ഓരോ രീതികളിലേക്കും അവരെ നയിക്കുന്നത്. മറ്റുള്ളവരെ നേരിട്ട് ബുദ്ധിമുട്ടിക്കാത്തിടത്തോളം അതിലെ ശരിതെറ്റുകളും യുക്തിയുമൊക്കെ അത് ചെയ്യുന്നവർ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. പുറത്തുനിന്ന് ഒരാൾ ഇതിലൊക്കെ ഇടപെടുന്നതും വിധി പ്രഖ്യാപിക്കുന്നതും പരിഹസിക്കുന്നതും അൽപ്പത്തരവും ജനാധിപത്യ വിരുദ്ധവുമാണ്. ഡോ. അരുൺകുമാറിനേപ്പോലുള്ള മാധ്യമ പ്രവർത്തകർ കുറച്ചുകൂടി സാമാന്യ മര്യാദകൾ പുലർത്തുന്നത് നല്ലതാണ്,’ അദ്ദേഹം കുറിച്ചു.

Content Highlight: It is good for media workers like Arun Kumar to maintain common etiquette: V.T. Balram

We use cookies to give you the best possible experience. Learn more