2026 ടി – 20 ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ വമ്പന്മാരായ ഓസ്‌ട്രേലിയ പുറത്തായിരുന്നു. ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന സിംബാബ്വെ – അയര്‍ലാന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് കങ്കാരുപ്പടയ്ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ഓസീസിന് വിജയിക്കാന്‍ സാധിച്ചത്.
ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചതിന് ശേഷം രണ്ട് മത്സരങ്ങളിലും ഓസീസ് തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ സിംബാബ്വെയോടും പിന്നീട് ശ്രീലങ്കക്ക് മുന്നിലും ടീമിന് അടിപതറുകയായിരുന്നു. അവസാന മത്സരത്തില്‍ പരാജയപ്പെട്ടതാണ് കങ്കാരുക്കള്‍ക്ക് വിനയായത്.
ഓസ്‌ട്രേലിയൻ ടീം. Photo: Cricket Australia/x.com
ഈ തോല്‍വിയോടെ സൂപ്പര്‍ 8യോഗ്യതക്കായി ടീമിന്റെ വിജയത്തോടൊപ്പം തന്നെ മറ്റു ടീമുകളുടെ റിസള്‍ട്ടിനെയും ഓസീസിന് ആശ്രയിക്കേണ്ടി വന്നു. അതില്‍ പ്രധാനം സിംബാബ്വെ അവര്‍ക്ക് ബാക്കിയുള്ള ഇരു മത്സരങ്ങളിലും തോല്‍ക്കുകയായിരുന്നു. എന്നാല്‍, അവരുടെ അയര്‍ലാന്‍ഡിന് എതിരെയുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഓസീസിന് പുറത്തേക്ക് പോവേണ്ടി വന്നത്.
ഓസീസ് ഇങ്ങനെ സൂപ്പര്‍ 8ലേക്ക് പ്രവേശിക്കാതെ ടി – 20 ലോകകപ്പില്‍ നിന്ന് പുറത്താവുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ടീം അവസാനമായി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പോരാട്ടം അവസാനിപ്പിച്ചത് 2009ലെ ലോകകപ്പിലാണ്. അതിന് ശേഷം ഏഴ് എഡിഷനുകളിലും കങ്കാരുപ്പട അടുത്ത ഘട്ടത്തിലെത്തി. ഇതിനിടയില്‍ 2021ല്‍ ടീം ചാമ്പ്യന്മാരുമായി. 2010ല്‍ റണ്ണേഴ്സ് അപ്പായപ്പോള്‍ 2012 ടീമിന്റെ പോരാട്ടം സെമി ഫൈനലില്‍ അവസാനിച്ചു.
2007 – സെമി ഫൈനല്‍
2009 – ഗ്രൂപ്പ് സ്റ്റേജ്
2010 – റണ്ണേഴ്സ് അപ്പ്
2012 – സെമി ഫൈനല്‍
2014 – സൂപ്പര്‍ 10
2016 – സൂപ്പര്‍ 10
2021 – ചാമ്പ്യന്മാര്‍
2022 – സൂപ്പര്‍ 12
2024 – സൂപ്പര്‍ 8
2026 – ഗ്രൂപ്പ് സ്റ്റേജ്
അതേസമയം, ഓസീസിന് 2026 ടി – 20 ലോകകപ്പില്‍ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഫെബ്രുവരി 20ന് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍. ശ്രീലങ്കയിലെ പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: It is first time in 17 years that Australia did end their journey in group stage of T20 World Cup