| Thursday, 23rd July 2026, 8:19 am

ഒന്നുകില്‍ എല്ലാവര്‍ക്കും അല്ലങ്കില്‍ ആര്‍ക്കുമില്ല; ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാറ്റാര്‍ക്കും കഴിയില്ല: ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. പ്രാദേശിക സുരക്ഷയുടെ ആനുകൂല്യം ഒന്നുകില്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭിക്കുമെന്നും അല്ലെങ്കില്‍ ആര്‍ക്കും ലഭിക്കില്ലെന്നും ഖാലിബാഫ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണമുണ്ടായാല്‍ ഓരോ ആക്രമണത്തിന് പകരമായും ഇറാന്റെ ഒരു പാലമോ വൈദ്യൂത നിലയമോ നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഖാലിബാഫിന്റെ പ്രതികരണം.

‘ഈ യുദ്ധത്തിന്റെ സമവാക്യം വ്യക്തമാണ്. ഒന്നുകില്‍ എല്ലാവര്‍ക്കും അല്ലെങ്കില്‍ ആര്‍ക്കുമില്ല. ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിയാത്ത ഒരു മേഖലയില്‍ ആര്‍ക്കും എണ്ണ വില്‍ക്കാന്‍ കഴിയില്ല. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല,’ ഖാലിബാഫ് പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ അസാനിധ്യത്തില്‍ മാത്രമേ കടലിടുക്കില്‍ സുരക്ഷ സാധ്യമാവുകയുള്ളുവെന്നും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ മടങ്ങിവരില്ലെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ ഭീഷണികള്‍ ഐ.ആര്‍.ജി.സി നാവിക സേനയോടുള്ള തോല്‍വി സമ്മതിക്കലാണെന്ന് ഇറാനിയന്‍ പാര്‍ലമെന്ററി ദേശീയ സുരക്ഷാ- വിദേശനയ കമ്മീഷന്‍ അംഗമായ ഇബ്രാഹീം റെസായി പറഞ്ഞു.

‘പാലങ്ങളും വൈദ്യൂത നിലയങ്ങളും തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണി യഥാര്‍ത്ഥത്തില്‍ ഐ.ആര്‍.ജി.സി നാവികസേനയോടുള്ള പരാജയം സമ്മതിക്കലാണ്. അദ്ദേഹം തീര്‍ച്ചയായും കൂടുതല്‍ ദുരിതത്തിലാവും,’ റെസായി പറഞ്ഞു.

Content Highlight: It is either for everyone or for no one; if we cannot sell oil, no one else can: Iran warns Trump.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more