| Friday, 3rd October 2025, 8:01 am

എ.ഐ കാരണം കൂട്ടപിരിച്ചുവിടൽ; ജീവനക്കാർക്ക് പ്രത്യേക പാക്കേജ് നൽകും: ടാറ്റ കൺസൾട്ടൻസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ : 2026 സാമ്പത്തിക വർഷത്തിൽ രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നറിയിച്ച് ഐ.ടി കമ്പനി ടാറ്റ കൺസൾട്ടൻസി. ജീവനക്കാർക്ക് പ്രത്യേക പാക്കേജ് നൽകിയാണ് പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചു.

ഐ.ടി മേഖലയിൽ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമായതോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകുമെന്നും ഈ സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്തവർക്കാണ് തൊഴിൽ നഷ്ട്ടപ്പെടുകയെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ പിരിച്ചുവിടൽ പദ്ധതി പ്രകാരം ജീവനക്കാർക്ക് മൂന്നുമാസത്തെ നോട്ടീസ് പിരീഡ് നൽകി ഓരോ ജീവനക്കാരന്റെയും സേവന കാലയളവ് കണക്കാക്കി രണ്ടുവർഷം വരെയുള്ള വേതനം പിരിച്ചുവിടൽ പാക്കേജായി നൽകും.

കൂടാതെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുമെന്നും റിട്ടയർമെന്റിനോട് അടുത്തുനിൽക്കുന്നവർക്ക് നേരത്തെയുള്ള വിരമിക്കൽ ഓപ്ഷൻ നൽകുമെന്നും കമ്പനി അറിയിച്ചു.

10 മുതൽ 15 വർഷത്തോളം സേവനമുള്ളവർക്ക് ഏകദേശം ഒന്നര വർഷത്തെ ശമ്പളം പിരിച്ചുവിടുന്ന സമയത്ത് നൽകുമെന്നും 15 വർഷത്തിൽ കൂടുതൽ സേവനമുള്ളവർക്ക് അതിൽ കൂടുതൽ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

പിരിച്ചു വിടുന്ന ജീവനക്കാർക്ക് മറ്റൊരു ജോലി കണ്ടെത്താനുള്ളതും ടി.സി.എസ് കെയർസ് പദ്ധതിയിലൂടെ ജീവനക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിന് തെറാപ്പിസ്റ്റുകളെ ലഭ്യമാക്കാനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.

ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഏകദേശം 12,261 ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോർട്ടുകൾ.

അതേസമയം അധികൃതർ ജീവനക്കാരോട് നിർബന്ധിതമായി രാജിവെക്കാൻ ആവശ്യപ്പെടുന്നെന്ന് ദേശീയ മാധ്യമമായ മണികൺട്രോളും തൊഴിലാളി യൂണിയനുകളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ടി.സി.എസ് ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുകയും പിരിച്ചുവിടുന്ന ജീവനക്കാർക്ക് പരിരക്ഷ നൽകുമെന്നുമാണ് അവകാശപ്പെടുന്നത്.

Content Highlight: IT company Tata Consultancy announces layoffs of 2% of employees in fiscal 2026

We use cookies to give you the best possible experience. Learn more