| Tuesday, 9th July 2024, 3:55 pm

'2050 ഓടെ ഈ രാജ്യം ഞങ്ങള്‍ പിടിച്ചെടുത്ത് താലിബാനാക്കുമെടാ'; അബ്ദുല്ലയായി കമന്റിടുന്ന ഐ.ടി സെല്ലുകാരന്‍ സംഘി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലെ മല്‍ഘോഷിലൂടെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെ പ്രേക്ഷകരില്‍ എത്തിച്ചിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ കടുത്ത ഹിന്ദുത്വവാദിയായ കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. നായകനായ നിവിന്‍ പോളി അവതരിപ്പിച്ച ആല്‍പ്പറമ്പില്‍ ഗോപിയുടെ ഉറ്റസുഹൃത്താണ് മല്‍ഘോഷ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റ പ്രചാരകനായി പോസ്റ്ററൊട്ടിച്ചും വ്യാജ വാര്‍ത്തകളുണ്ടാക്കിയും പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്നയാളാണ് ഇയാള്‍.

ഒരു തരത്തില്‍ ഗോപിയെ പല പ്രശ്‌നങ്ങളിലേക്കും കൊണ്ടുപോകുന്നതും മല്‍ഘോഷാണ്. ക്രിക്കറ്റ് കളിക്കിടെ തങ്ങളുടെ എതിര്‍പാര്‍ട്ടിയുടെ പാര്‍ട്ടി ഓഫീസിന്റെ ചില്ല് ബോധപൂര്‍വം ഗോപി അടിച്ച് പൊട്ടിക്കുന്നുണ്ട്. തുടര്‍ന്ന് ഇരുപാര്‍ട്ടിയിലേയും ആളുകള്‍ തമ്മില്‍ വലിയ അടിപിടിയുണ്ടാകുകയും അത് പൊലീസ് കേസില്‍ കലാശിക്കുകയും ചെയ്യുന്നു. ഈ കേസിലും ഗോപിക്കൊപ്പം മല്‍ഘോഷുണ്ട്.

ഐ.ടി സെല്ലിലാണ് തന്റെ ജോലിയെന്നാണ് മല്‍ഘോഷ് വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. ഐ.ടി സെല്‍ എന്ന് പറഞ്ഞ് നാടുമുഴുവന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന കമന്റിടുന്നതുമാണ് മല്‍ഘോഷിന്റെ ജോലി.

തല്ലുകേസില്‍പ്പെട്ട് പൊലീസ് സ്റ്റേഷന്റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ വ്യാജ പ്രൊഫൈല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുകയാണ് ഇയാള്‍.

‘2050 ഓടെ ഈ രാജ്യം ഞങ്ങള്‍ പിടിച്ചെടുക്കുമെടാ’ എന്ന് കമന്റിടുന്ന മല്‍ഘോഷ് ഒരു പഞ്ച് കുത്തിത്തിരിപ്പ് കൂടി വേണമല്ലോ എന്ന് സ്വയം പറഞ്ഞ ശേഷം ‘ഈ രാജ്യം ഞങ്ങള്‍ താലിബാന്‍ ആക്കുമെടാ’ എന്നാണ് അബ്ദുല്ല ബിന്‍ ഷരീഫ് എന്ന വ്യാജ പേരില്‍ ഇടുന്ന ഒരു കമന്റ്.

ഒരു ചെറിയ തീയിട്ടുകൊടുത്താല്‍ കാട്ടുതീയാക്കുന്ന കാര്യം നാട്ടുകാര്‍ പോഴന്മാര് നോക്കിക്കോളൂമെന്നും അത് കെടാതെ നമ്മള്‍ കാത്താല്‍ മതിയെന്നുമാണ് മല്‍ഘോഷിന്റെ കഥാപാത്രം പറയുന്നത്.

രാജ്യത്തെ ഒരു പ്രധാനപ്പെട്ട പാര്‍ട്ടി ഏതൊക്കെ രീതിയിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കലാപം അഴിച്ചുവിടുന്നതെന്നാണ് ഈ രംഗങ്ങളിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഐ.ടി സെല്‍ ഇത്തരത്തില്‍ ക്യാമ്പയിനുകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

മൂന്ന് തരം പ്രൊഫൈലുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ ലാഭത്തിനായി ശ്രമിച്ചുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. മറ്റുമതങ്ങളെ അപമാനിച്ച് കമന്റിടുന്ന മുസ്‌ലിം, ശാന്തതയില്‍ മറുപടി പറയുന്ന ഹിന്ദു, അക്രമോത്സുകമായി മറുപടി പറയുന്ന ഹിന്ദു എന്നീ മൂന്ന് പ്രൊഫൈലുകള്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് തന്നെ നിര്‍മിക്കപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.

സിനിമയില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചിരിക്കുന്ന ടി.വിയിലെ ചാനല്‍ മാറ്റി ലോകകപ്പ് മത്സരം വെക്കുമോ എന്ന് ആല്‍പ്പറമ്പില്‍ ഗോപി പൊലീസുകാരനോട് ചോദിക്കുന്ന ഒരു രംഗമുണ്ട്. ചാനല്‍ മാറ്റാന്‍ ഇത് നിന്റ ഭാര്യവീടല്ലെന്ന്് പൊലീസുകാരന്‍ മറുപടി പറയുമ്പോള്‍ മല്‍ഘോഷ് അവിടെ ചാടിവീണ് ചോദിക്കുന്നത് നമ്മള്‍ ഈ രാജ്യത്തെ പ്രധാനപ്പെട്ട പാര്‍ട്ടിയല്ലേ എന്നിട്ടും ഇവന്മാരെന്താ ഇങ്ങനെ എന്നാണ്.

രാജ്യം കിട്ടിയിട്ട് കാര്യമില്ലെന്നും പഞ്ചായത്ത് കയ്യിലില്ലെങ്കില്‍ പട്ടിയുടെ വിലയാണെന്നുമാണ് ഗോപിയുടെ കഥാപാത്രം ഇതിന് നല്‍കുന്ന മറുപടി. അടുത്ത നിമിഷം തന്നെ കേന്ദ്രത്തില്‍ നിന്ന് വിളിപ്പിച്ചാലോ എന്നൊരു ചോദ്യം ചോദിക്കാന്‍ മല്‍ഘോഷ് മടിക്കുന്നില്ല.

നിനക്ക് അടിയുടെ കുറവുണ്ടെന്നും അത് പൊലീസുകാരുടെ കയ്യില്‍ നിന്ന് വേണമെന്ന് വാശി പിടിക്കുന്നത് എന്തിനാണെന്നും ഇനിയെങ്ങാന്‍ തല്ലുകേസില്‍പ്പെട്ടാല്‍ പുറംലോകം കാണില്ലെന്നും പൊലീസുകാരന്‍ പറയുമ്പോഴാണ് സ്റ്റേഷനിലെ ടി.വിയില്‍ റിപ്പബ്ലിക് ടൈംസ് പുറത്തുവിടുന്ന പ്രീ പോള്‍ സര്‍വേയുടെ വാര്‍ത്ത കാണിക്കുന്നത്. കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.എസ്.പി 30 സീറ്റ് നേടി കേരളത്തില്‍ അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ലിക്ക് ടൈംസ് സര്‍വേയില്‍ പറയുന്നത്.

30 സീറ്റ് ജയിച്ച് കേരളത്തില്‍ അധികാരം പിടിക്കുമെന്ന് പൊലീസുകാരനോട് ഗീര്‍വാണം മുഴക്കി പുറത്തിറങ്ങുകയാണ് തുടര്‍ന്ന് ഗോപിയും മല്‍ഘോഷും. കേരളത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭരണം പിടിക്കുമെന്ന് ഓരോ വര്‍ഷവും പറയുന്ന തീവ്രവലതുപാര്‍ട്ടികളെ ഈ രംഗത്തിലൂടെ ട്രോളുകയാണ് സംവിധായകന്‍.

Content Highlight: IT Cell Sanghi Character Dhyan on Malayali From India

Latest Stories

We use cookies to give you the best possible experience. Learn more