തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി കേസിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി വാദം നടന്നു.
കടുത്ത മാനസിക പ്രയാസമുണ്ടാക്കുന്നുണ്ടെന്നും സ്വര്‍ണം കട്ടവനെന്ന് വിളിക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം അഡീഷണല്‍ സബ് കോടതിയില്‍ നടന്ന നടപടിക്കിടെയായിരുന്നു കടകംപള്ളിക്ക് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യമുന്നയിച്ചത്.
അയ്യപ്പന്റെ സ്വര്‍ണം കട്ടവനെന്ന പരാമര്‍ശം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടകംപള്ളിയുടെ ആവശ്യം പ്രതിപക്ഷ നേതാവിനെ അറിയിക്കാമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു.
കടകംപള്ളി പ്രതിപക്ഷ നേതാവിനെതിരെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നല്‍കിയത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളെ വിലക്കണമെന്നും മാനനഷ്ട ഹരജിയില്‍ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്വര്‍ണപാളി മോഷണവുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ ഒക്ടോബര്‍ എട്ടിന് നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് മാനനഷ്ടക്കേസ് നല്‍കിയത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതരസംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് അറിയാമെന്നുമായിരുന്നു സതീശന്റെ വാക്കുകള്‍.
വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മാനനഷ്ടക്കേസിനെ ചോദ്യം ചെയ്ത് നല്‍കിയ തര്‍ക്ക ഹരജിയില്‍ സതീശന്‍ വിശദീകരിച്ചിരുന്നു.
വ്യക്തിപരമായി അപമാനിക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും തന്റെതായ നിലയില്‍ നടത്തിയ അന്വേഷണത്തിന്റെ ബോധ്യത്തിലാണ് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: It causes mental distress; Don’t call me a gold thief: Kadakampally Surendran to opposition leader