| Thursday, 3rd March 2016, 12:34 pm

ഇസ്രത്ത് ജഹാന്റേത് ആസൂത്രിത കൊലപാതകം തന്നെ : എസ്.ഐ.ടി അംഗം സതീഷ് വര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന്റേത് ആസൂത്രിത കൊലപാതകം തന്നെയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ചന്വേഷിച്ച സി.ബി.ഐ അന്വേഷണ സംഘത്തിലെ സഹായി സതീഷ് വര്‍മ്മ ഐ.പി.എസ്. ഇസ്രത്തിന്റെ കൊലപാതകം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വര്‍മ്മയുടെ വെളിപ്പെടുത്തല്‍.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പു തന്നെ മൂന്ന് പേര്‍ക്കൊപ്പം ഇസ്രത്തിനെ ഇന്റലിജന്‍സ് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതെന്ന് സതീഷ് വര്‍മ്മ പറഞ്ഞു.

തീവ്രവാദികളെന്ന് ആരോപിക്കപ്പെട്ടവരുടെ കൂടെ ഒരു സ്ത്രീ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചനപോലുമില്ലായിരുന്നു എന്നതാണ് സത്യമെന്നും എന്നിട്ടും ഇസ്രത്തിനെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍വച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വര്‍മ പറഞ്ഞു. ദേശീയതയുടെയും സുരക്ഷയുടെയും മറയുയര്‍ത്തി നിഷ്‌കളങ്കയും പാവപ്പെട്ടവളുമായ ഒരു പെണ്‍കുട്ടിയെ വേട്ടയാടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വര്‍മ കുറ്റപ്പെടുത്തി.

ഇസ്രത്ത് ലഷ്‌കര്‍ തീവ്രവാദിയാണെന്ന വാദത്തെയും വര്‍മ്മ തള്ളി. ജാവേദ് ഷെയ്ഖുമായി അടുത്തതിന് ശേഷം പത്തുദിവസം മാത്രമാണ്  ഇസ്രത്് വീട്ടില്‍ നിന്നും അകന്ന് നിന്നിട്ടുള്ളത്. ചാവേര്‍ ആവണമെങ്കില്‍ ദീര്‍ഘനാളത്തെ പരിശീലനം ആവശ്യമാണ്. അത്രയും സമയം ഇസ്രത്ത് വീട്ടില്‍ നിന്നും മാറിനിന്നിട്ടില്ലെന്നും വര്‍മ്മ പറഞ്ഞു.

2004ല്‍ നടന്ന വ്യാജ ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സതീഷ് വര്‍മ. ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗങ്ങളാണെന്നാരോപിച്ച് 2004 ജൂണ്‍ 15നാണ് ഇസ്രത്ത് മറ്റ് മൂന്നു പേര്‍ക്കൊപ്പം കൊല്ലപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more