ടെല്‍ അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രഈലി യുവാവ് കൊല്ലപ്പെട്ടു. ഷാലേവ് എന്ന ഇസ്രഈല്‍ പൗരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച നെതന്യ നഗരത്തിന് സമീപത്തുള്ള ഒരു ഹൈവേ എക്‌സിറ്റില്‍ കത്തിക്കരിഞ്ഞ കാറിനുള്ളില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയതെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടന്ന നോവ സംഗീതോത്സവം ലക്ഷ്യമിട്ടായിരുന്നു ഹമാസിന്റെ പ്രത്യാക്രമണം. ഈ പരിപാടിയില്‍ ഷാലേവും പങ്കെടുത്തിരുന്നു. ഹമാസിന്റെ ഓപ്പറേഷനില്‍ വെടിയേറ്റ യുവാവ് മണിക്കൂറുകളോളം മരിച്ചതുപോലെ അഭിനയിക്കുകയായിരുന്നു.
മണിക്കൂറുകളോളം നടത്തിയ അഭിനയം ഷാലേവിനെ അതിജീവിക്കാന്‍ സഹായിച്ചു. എന്നാല്‍ നോവ സംഗീതോത്സവത്തില്‍ പങ്കെടുത്ത ഷാലേവിന്റെ പങ്കാളി മാപാല്‍ ആദം, സുഹൃത്ത് ഹിലി സോളമന്‍ എന്നിവര്‍ ഹമാസ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് ഷാലേവ് മാനസികമായി തളന്നിരുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു വിടവാങ്ങല്‍ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഷാലേവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
‘ഈ കഷ്ടപ്പാട് അവസാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരിക്കല്‍ ഞാന്‍ ജീവിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ഉള്ളിലുള്ളതെല്ലാം മരിച്ചു,’ എന്നായിരുന്നു ഇസ്രഈലി യുവാവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
നിലവില്‍ ഷാലേവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഉള്‍പ്പെടെ പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.
ഒക്ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തില്‍ 1200 ഇസ്രഈലികളാണ് കൊല്ലപ്പെട്ടത്. വിദേശ പൗരന്മാരുള്‍പ്പെടെ ഇസ്രഈലില്‍ നിന്നുള്ള 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.
അതേസമയം ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഇസ്രഈല്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഗസ സിറ്റിയില്‍ നടന്ന ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സാലിഹ് അല്‍ജഫറാവി എന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ 270ഓളം മാധ്യമപ്രവര്‍ത്തകരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. ഇക്കാലയളവ് മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 67,869 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 170,105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Israeli youth commits suicide after escaping Hamas counterattack