| Thursday, 24th July 2025, 8:52 am

നെതന്യാഹുവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; ഇസ്രഈലി സ്ത്രീ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ബോംബ് ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരു സ്ത്രീയെ കസ്റ്റയിലെടുത്ത് ഇസ്രഈല്‍ അധികൃതര്‍. ഇസ്രഈൽ ഗസയിലെ യുദ്ധം കൈകാര്യം ചെയ്തതില്‍ ജനരോക്ഷം വര്‍ധിക്കുകയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.

സ്‌ഫോടകവസ്തു ഉപയോഗിച്ച് നെതന്യാഹുവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന സംശയത്തില്‍ രണ്ടാഴ്ച മുമ്പ് 70 വയസുള്ള ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഇസ്രഈലിലെ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്നിനെ ഉദ്ധരിച്ച് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ പ്രദേശങ്ങളുടെ മധ്യഭാഗത്ത് താമസിക്കുന്ന സ്ത്രീയെ ഇസ്രഈല്‍ പൊലീസും ഭരണകൂടത്തിന്റെ ചാര ഏജന്‍സിയായ ഷിന്‍ ബെറ്റും ചോദ്യം ചെയ്തു.

കേസിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും രഹസ്യമായി തുടരുകയാണ്. എന്നാല്‍ വ്യാഴാഴ്ചയോടെ ഇവർക്കെതിരെ ‘തീവ്രബാധം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ’ എന്ന പേരില്‍ കുറ്റം ചുമത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ പ്രദേശങ്ങളിലുടനീളം വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ കേസ്.

ഇസ്രഈൽ സൈന്യം ഗസയിൽ അധിനിവേശം നടത്തി 20 മാസത്തിലേറെയായിട്ടും ഹമാസിനെ നശിപ്പിക്കുന്നതിനോ ഇസ്രഈലി തടവുകാരെ മോചിപ്പിക്കുന്നതിന് സൈന്യം ഒന്നും ചെയ്തിട്ടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.

നെതന്യാഹുവിന്റെ ഭരണകൂടത്തില്‍ മിക്ക ഇസ്രാഈലികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടുവെന്നും പുതിയ നേതൃത്വം ഉണ്ടാകാൻ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും സര്‍വേകള്‍ പറയുന്നു. ഗസ യുദ്ധത്തോടുള്ള നെതന്യാഹുവിന്റെ സമീപനവും അടിസ്ഥാനപരമായി കരാറിലെത്താത്തതിലും ഇതുവരെ വെടിനിര്‍ത്തല്‍ കരാർ അംഗീകരിക്കാത്തതിലും ഇസ്രഈലികള്‍ ആശങ്കയിലാണ്.

നിരവധി അഴിമതി ആരോപണങ്ങള്‍ നെതന്യാഹു നേരിടുന്നുണ്ട്. വിചാരണ വൈകിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണ്. യുദ്ധം തുടരുന്നതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിന് അദ്ദേഹത്തിന് കുറച്ച് സമയം മാത്രമാണ് ശേഷിക്കുന്നതെന്നും വിമർശകർ വാദിച്ചു.

നെതന്യാഹു പറയുന്ന ‘സമ്പൂര്‍ണ വിജയം’ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള മിഥ്യ മാത്രമാമെന്ന് ഹമാസ് പറഞ്ഞു. അതേസമയം, ഉപരോധിക്കപ്പെട്ട പ്രദേശത്ത് ഭരണകൂടത്തിന്റെ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീന്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഇസ്രഈലി സൈനികര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Israeli woman arrested for plotting to attack Netanyahu

We use cookies to give you the best possible experience. Learn more