| Thursday, 5th March 2026, 10:48 am

ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണം; കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് ഇടിവ്

നിഷാന. വി.വി

ന്യൂദല്‍ഹി: ഇറാനെതിരായ ആക്രമണവും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും കാരണം രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍.

ഇന്ത്യന്‍ രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ 67 പൈസ ഇടിഞ്ഞ് എക്കാലത്തെയും കുറഞ്ഞ നിരക്കായ 92.16ല്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വിലയിലെ വന്‍ കുതിച്ചു ചാട്ടം ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചു.

യു.എസ് ഇറാന്‍ പ്രതിസന്ധിക്കിടയില്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന റിസ്‌ക്-ഓഫ് സാഹചര്യം ഡോളറിന്റെ സൂചിക 98 ലെവല്‍ കടന്നതായും ഇത് രൂപയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയതായും ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.

കൂടാതെ ആഭ്യന്തര ഓഹരി വിപണികളിലെ വന്‍തോതിലുളള വില്പനയും വിദേശ ഫണ്ടുകള്‍ പിന്‍വലിക്കലും ഇന്ത്യന്‍ കറന്‍സിയെ കൂടുതല്‍ താഴേക്ക് നയിച്ചുവെന്നും വ്യാപാരികള്‍ ചൂണ്ടികാട്ടി.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 92.05ന് തുറന്ന് ഗ്രീന്‍ബാങ്കിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 92.5ല്‍ എത്തി.

ലോകത്തിലെ എണ്ണ വിതരണത്തില്‍ അഞ്ചിലൊന്ന് ഭാഗവും വഹിക്കുന്ന ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഷിപ്പിങ് ഗതാഗതം ഏതാണ്ട് സ്തംഭിച്ചിരുന്നു.

ഈ തന്ത്രപരമായ പാത ദീര്‍ഘകാലം അടച്ചുപൂട്ടുന്നത് ക്രൂഡ് ഓയില്‍ വില കൂടുതല്‍ ഉയരുന്നതിനും രൂപയുടെ മൂല്യം കൂടുതല്‍ താഴുന്നതിനും കാരണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘മധേഷ്യയിലെ സംഘര്‍ഷം കാരണം എണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടം റിസ്‌ക്ക് എടുക്കാനുള്ള നിക്ഷേപകരുടെ ആഗ്രഹം കുറച്ചു.

ഉയര്‍ന്ന എണ്ണവില പണപ്പെരുപ്പ ആശങ്കകളും പ്രധാന എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്കുമേലുള്ള സാമ്പത്തിക സമ്മര്‍ദവും വര്‍ധിപ്പിക്കുന്നു, ഇത് ബോണ്ടുകള്‍ വില്‍ക്കുന്നതിനും ആദായം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു,’ ഫിന്റെക്‌സ് ട്രഷറി അഡൈ്വസേഴ്സ് എല്‍.എല്‍.പിയുടെ ട്രഷറി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനില്‍ കുമാര്‍ ബന്‍സാലി പറഞ്ഞു.

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മധ്യേഷ്യയില്‍ നിന്നുള്ള പണമയയ്ക്കലിനേയും മൂലധന പ്രവാഹത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇന്ന് (വ്യാഴം) യു.എസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 91.61 ആണ് നേരിയ ആശ്വാസം പ്രകടമാണെങ്കിലും രൂപ ഇപ്പോഴും ദുര്‍ബലമായി തുടരുന്നു.

Content Highlight: Israeli-US attack on Iran; Rupee plunges to record low

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more