കൊളംബോ: ശ്രീലങ്കയില്‍ ഒരു ടൂറിസ്റ്റ് ഗൈഡിനെ ഇസ്രഈലി വിനോദസഞ്ചാരി ബോട്ടില്‍ നിന്ന് കടലിലേക്ക് തള്ളിയിടുന്നതിന്റെ വഡിയോ പുറത്ത്. ടൂറിസ്റ്റ് ഗൈഡിനെ തള്ളിയിടുമ്പോള്‍ മറ്റ് വിനോദസഞ്ചാരികള്‍ കളിയാക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ശ്രീലങ്കയില്‍ ഒരു ബോട്ടിലുണ്ടായിരുന്ന ഇസ്രഈലി വിനോദസഞ്ചാരികളില്‍ ഒരാള്‍, കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗൈഡിനെ പെട്ടെന്ന് കടലിലേക്ക് തള്ളിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിനോദ സഞ്ചാരികളുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രാദേശിക തൊഴിലാളിയോട് വിനോദസഞ്ചാരികള്‍ പെരുമാറിയ രീതിയെ നിരവധി പേര് ചോദ്യം ചെയ്തു.
ഇതൊരു തമാശ മാത്രമാണെന്നും, തൊഴിലാളിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്നും, മോശം ഉദ്ദേശ്യത്തോടെ ചെയ്തതല്ലെന്നും പറഞ്ഞ് വിനോദസഞ്ചാരികള്‍ ഈ സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ തങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ആശങ്കാ കരമാണെന്നും അവര്‍ പ്രതികരിച്ചു.
വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, തങ്ങള്‍ ചെയ്തത് വെറുമൊരു തമാശ മാത്രമാണെന്നും, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനോദ സഞ്ചാരികള്‍ അവകാശപ്പെട്ടു. തങ്ങള്‍ നല്ല കുട്ടികളാണെന്നും, അടുത്ത മാസം സൈന്യത്തില്‍ ചേരാന്‍ പോവുകയാണെന്നും, അതിനാല്‍ ഇത്തരത്തിലുള്ള വെറുപ്പ് തങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടെന്നും പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ശ്രീലങ്കയില്‍ പ്രതിഷേധം ഉയര്‍ന്നുവന്നു. വിനോദസഞ്ചാരികളുടെ ഇത്തരം അടിച്ചമര്‍ത്തല്‍ സ്വഭാവമുള്ള പെരുമാറ്റങ്ങള്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെയും സമാധാനത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് പ്രാദേശിക കച്ചവടക്കാരും ബോട്ടുടമകളും അഭിപ്രായപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലി വിനോദസഞ്ചാരികളില്‍ നിന്നുള്ള മോശം പെരുമാറ്റങ്ങള്‍ക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlight: Israeli tourists spark outrage in Sri Lanka