സാവോ പോളോ: തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇസ്രഈലി വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗസയിലെ യുദ്ധത്തിൽ പങ്കെടുത്ത ഇസ്രഈലി സൈനികർക്ക് തങ്ങളുടെ സ്ഥാപനത്തിൽ പ്രവേശനമില്ലെന്ന് ബ്രസീലിലെ ബഹിയ സംസ്ഥാനത്തുള്ള ഇൽഹ വെർഡെ ഗസ്റ്റ്ഹൗസ് പ്രഖ്യാപിച്ചു.
തെക്കൻ ബഹിയയിലെ വിനോദസഞ്ചാര നഗരമായ ഇറ്റാകാരെയിലാണ് ഈ ഗസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. നവംബർ 13-നാണ് സ്ഥാപനം ഈ നിർണായക പ്രഖ്യാപനം നടത്തിയതെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘യുദ്ധക്കുറ്റവാളികൾക്ക് ഇവിടെ സ്വാഗതമില്ല’ എന്ന് വ്യക്തമാക്കിയ ഗസ്റ്റ്ഹൗസ്, അക്രമം, അടിച്ചമർത്തൽ, യുദ്ധക്കുറ്റങ്ങൾ എന്നിവയ്ക്കെതിരെ തങ്ങൾ ഉറച്ചുനിൽക്കുന്നതായി പ്രസ്താവനയിലൂടെ അറിയിച്ചു.
ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവർക്കും പ്രവേശനമുണ്ടാകില്ല. എന്നാൽ, തങ്ങളുടെ ഈ നയം ഇസ്രഈലി പൗരന്മാർക്കോ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനോ എതിരല്ലെന്നും, എല്ലാ രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ളവരെ സ്വാഗതം ചെയ്യുന്നുണ്ടെന്നും ഗസ്റ്റ്ഹൗസ് അധികൃതർ വിശദീകരിച്ചു. തങ്ങളുടെ നിലപാട് കുറ്റകൃത്യങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇറ്റാകാരെയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരച്ച ചുവർചിത്രത്തെ ചൊല്ലി ഇസ്രഈലി വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുണ്ടായ തർക്കമാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.
ചിത്രത്തിലുണ്ടായിരുന്ന നദി മുതൽ കടൽ വരെ (From the river to the sea) എന്ന മുദ്രാവാക്യം ജൂത ജനതയോടുള്ള വിരുദ്ധതയാണെന്ന് ആരോപിച്ച് ഒരു കൂട്ടം ഇസ്രഈലി സന്ദർശകർ രംഗത്തെത്തുകയും പോസ്റ്ററുകൾ നീക്കം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാഷ്ട്രീയ സന്ദേശങ്ങൾക്ക് അനുമതിയില്ലെന്ന് വ്യക്തമാക്കി കെട്ടിട ഉടമ ചുവർ വീണ്ടും പെയിന്റ് അടിച്ചു.
വിനോദസഞ്ചാരികളുടെ ഇത്തരം നടപടികളെ വിനോദസഞ്ചാരത്തെ വേട്ടയാടൽ എന്നാണ് പ്രദേശവാസികളും ഫലസ്തീൻ അനുകൂല പ്രവർത്തകരും വിശേഷിപ്പിച്ചത്. ഇതോടെ ബ്രസീലിയൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുൻ ഇസ്രഈലി സൈനികരുടെ സാന്നിധ്യത്തെയും പെരുമാറ്റത്തെയും കുറിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്.
ബ്രസീലിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇസ്രഈലി സന്ദർശകർ ഉൾപ്പെട്ട സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ സാൽവഡോറിൽ ഇസ്രഈലി വിനോദസഞ്ചാരികൾ ഉൾപ്പെട്ട ലൈംഗികാതിക്രമ പരാതിയിൽ ബഹിയ സിവിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
2025 ജനുവരിയിൽ ഗസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്വേഷണം നേരിട്ട ഇസ്രഈലി സൈനികൻ യുവൽ വഗ്ദാനി നടപടികൾക്ക് മുൻപേ ബ്രസീൽ വിട്ടിരുന്നു. കൂടാതെ, 2026 മാർച്ചിൽ ഇറ്റാകാരെയിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഇസ്രഈലി വിനോദസഞ്ചാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, ഇസ്രഈലി വിനോദസഞ്ചാരികൾക്കെതിരായ ഇത്തരം വിലക്കുകൾ വിവേചനപരമാണെന്ന് സ്റ്റാൻഡ് വിത്ത് അസ് ബ്രസീൽ ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിച്ചു.
എന്നാൽ, വിദേശ പൗരന്മാർ ബ്രസീലിയൻ നിയമത്തിന് വിധേയരാണെന്നും പൊതുസമാധാനത്തിന് ഭീഷണിയാകുന്നവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനാകുമെന്നും അന്താരാഷ്ട്ര നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ വിസ നടപടികൾ കർശനമാക്കണമെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായി വിവരങ്ങൾ പങ്കുവെക്കണമെന്നും നിയമവിദഗ്ധർ ആവശ്യപ്പെട്ടു.
Content Highlight:Israeli soldiers who participated in the war in Gaza banned from a guesthouse in Brazil.