| Saturday, 19th July 2025, 9:32 am

ഫലസ്തീനികൾക്ക് നേരെയുള്ള ആക്രമണം വർധിപ്പിച്ച് ഇസ്രഈലി കുടിയേറ്റക്കാർ; ഒത്താശ ചെയ്ത് ഇസ്രഈൽ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനികൾക്ക് നേരെയുള്ള ആക്രമണം വർധിപ്പിച്ച് ഇസ്രഈലി കുടിയേറ്റക്കാർ. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോർദാൻ താഴ്‌വരയിലെ അൽ-മിതേയിൽ ഇസ്രഈലി കുടിയേറ്റക്കാർ ഫലസ്തീനികളുടെ ആടുകളെ കൊന്നൊടുക്കുകയും, നിരവധി ആടുകളെ മോഷ്ടിക്കുകയും ചെയ്തു.

ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണത്തെത്തുടർന്ന് രണ്ട് ഫലസ്തീൻ കുടുംബങ്ങൾക്ക് വീടുകൾ ഒഴിഞ്ഞ് ജെറിക്കോ നഗരത്തിനടുത്തുള്ള അൽ-ഔജയിലേക്ക് താമസം മാറേണ്ടി വന്നതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനികളായ ബെഡൂയിൻ സമൂഹങ്ങളെ അവരുടെ ജന്മദേശത്ത് നിന്നും കുടിയൊഴിപ്പിക്കാനായി ഇസ്രഈലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ വർധിച്ചു വരികയാണ്. ഫലസ്തീനികളെ ഒഴിപ്പിക്കാനായി അവരുടെ ഉപജീവനമാർഗ്ഗം നശിപ്പിക്കുന്നതിനും അവരുടെ ഭൂമി പിടിച്ചെടുക്കുന്നതിനുമായി ഇസ്രഈലി കുടിയേറ്റക്കാർ പതിവായി കന്നുകാലികളെ ആക്രമിക്കുന്നു.

പലായനം ചെയ്യാൻ നിർബന്ധിതരായ താമസക്കാരിൽ ഒരാളായ മഹ്മൂദ് കാബ്നെ, കുടിയേറ്റക്കാർ തന്റെ സഹോദരൻ സലീമിന്റെ വീട് ആക്രമിക്കുകയും കഴുതകളെ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു. അവരെ തടയാൻ ശ്രമിച്ചപ്പോൾ കൂടുതൽ കുടിയേറ്റക്കാർ എത്തി സലീമിന്റെയും ബന്ധു സുലൈമാന്റെയും വീടുകൾ ആക്രമിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് കുടിയേറ്റക്കാർ തൊഴുത്ത് തുറന്ന് ഏകദേശം 350 ആടുകളെ മോഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇസ്രഈൽ സൈന്യം കുടിയേറ്റക്കാരോടൊപ്പം ഉണ്ടായിരുന്നു. അവർ ഒന്നും ചെയ്തില്ല. എന്നാൽ ഞങ്ങൾ ആടുകളെ മോഷ്ടിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ, പട്ടാളക്കാർ ഞങ്ങളെ ആക്രമിക്കുകയും അവിടെ നിന്ന് ഓടിക്കുകയും ചെയ്തു. അവർ 20 പേരെ അറസ്റ്റ് ചെയ്യുകയും നാല് മണിക്കൂർ കഠിനമായി മർദ്ദിക്കുകയും ചെയ്തു,’ മഹ്മൂദ് കാബ്നെ പറഞ്ഞു.

നൂറുകണക്കിന് ആടുകളെ അവർ കൊന്നതായി ഫലസ്തീനികൾ പറയുന്നു.

‘നൂറിലധികം ആടുകൾ കൊല്ലപ്പെട്ടു. ചില ആടുകൾ കത്തികൊണ്ട് അറുക്കപ്പെട്ട നിലയിലായിരുന്നു, മറ്റുള്ളവയെ അടിച്ചുകൊന്നു. ഒരുപാട് ആടുകളെ അവർ മോഷ്ടിച്ചു,’ ഫലസ്തീനികൾ പറഞ്ഞു.

കുടിയേറ്റക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസിയായ ഒരാളുടെ തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് അടിയേറ്റതായും മഹ്മൂദ് കാബ്നെ കൂട്ടിച്ചേർത്തു. പരിക്കേറ്റയാളെ കൊണ്ടുപോകാനെത്തിയ ആംബുലൻസ് ഇസ്രഈലി പട്ടാളക്കാർ ടുബാസിനടുത്തുള്ള ഹംറ ചെക്ക്‌പോസ്റ്റിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Israeli settlers slaughter dozens of sheep in attack on Palestinian Bedouins

We use cookies to give you the best possible experience. Learn more