ജെറുസലേം: വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമത്തില്‍ നൂറിലധികം വരുന്ന അനധികൃത ഇസ്രഈലി കുടിയേറ്റക്കാരുടെ സംഘം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ധരാത്രിക്ക് ശേഷം നാബ്ലസിന് തെക്കുള്ള ജലൂദ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. അക്രമി സംഘം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീവെച്ചു.
രണ്ട് മാസം മുമ്പ് കുടിയേറ്റക്കാരുടെ ആക്രമണത്തെത്തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന ടൂബാസി കുടുംബത്തിന്റെ വീടിന് നേര്‍ക്കാണ് ആദ്യം ആക്രമണമുണ്ടായതെന്ന് അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ സൈന്യത്തിന്റെ അകമ്പടിയോടെ ഈ കുടുംബം തിരിച്ച് ഈ പ്രദേശത്തേക്ക് വരുന്നതിനിടെയാണ് അക്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നൂറോളം കുടിയേറ്റക്കാര്‍ ഇരച്ചുകയറി ടുബാസി കുടുംബത്തിന്റെ വീടുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. ടൂബാസി കുടുംബത്തിന്റെ രണ്ട് വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാര്‍ ഇസ്രഈലി സുരക്ഷാ സേനയെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് മാസത്തിനിടെ തങ്ങളുടെ വീട് ഇസ്രഈലി കുടിയേറ്റക്കാര്‍ തങ്ങളുടെ വീട് കൈവശപ്പെടുത്തിയിരുന്നതായി ടുബാസി കുടുംബാംഗമായ മഹ്‌മൂദ് അല്‍ ടൂബാസിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം അങ്ങേയറ്റം ഭയാനകമായിരുന്നെന്ന് ടുബാസി ബി.ബി.സിയോട് സംസാരിക്കവെ പറഞ്ഞു. ആ സാഹചര്യം ചിന്തിക്കാന്‍ പോലും പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമുണ്ട്. അവര്‍ തങ്ങളെ കൊല്ലുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ തന്നെ ആ വീട് വലിയ രീതിയില്‍ നശിപ്പിക്കപ്പെട്ടിരുന്നെന്നും പിന്നീട് അക്രമികള്‍ തങ്ങളെ കല്ലെറിയാന്‍ തുടങ്ങിയെന്നും ടുബാസി പറഞ്ഞു. 150-ലധികം വരുന്ന കുടിയേറ്റക്കാരുടെ വലിയ സംഘത്തെ നിയന്ത്രിക്കാന്‍ സൈന്യത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വത്ത് കൈക്കലാക്കാനുള്ള ലക്ഷ്യത്തോടെ കുടിയേറ്റക്കാര്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം ജൂലൈയിലാണ് ടൂബാസി കുടുംബം ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം ഇസ്രഈല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്നാണ് ടുബാസി കുടുംബത്തെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിച്ചത്.
കുടുംബം മടങ്ങിയെത്തുന്നത് അറിഞ്ഞ് ഇസ്രഈലി കൈയേറ്റക്കാര്‍ കൂട്ടമായി സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ടൂബാസി കുടുംബത്തെ വീണ്ടും വീട്ടില്‍ നിന്ന് ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, കൈയേറ്റക്കാരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനെ ‘ധാര്‍മികമായ കളങ്കം’ എന്ന് ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വിശേഷിപ്പിച്ചു. ‘നിയമവാഴ്ചയ്ക്കും ഒരു രാഷ്ട്രമെന്ന നിലയിലുള്ള അടിസ്ഥാന മൂല്യങ്ങള്‍ക്കുമെതിരായ ആക്രമണം’ എന്നും ഹെര്‍സോഗ് പ്രതികരിച്ചു. എന്നാല്‍ കൈയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിയെ ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
‘ചെറിയൊരു വിഭാഗം അക്രമികള്‍ നിയമം അനുസരിക്കുന്ന കുടിയേറ്റക്കാരുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല’ എന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ഫലസ്തീനികള്‍ക്കെതിരായ അക്രമത്തെക്കുറിച്ച് നെതന്യാഹുവും ഒന്നും പരാമര്‍ശിച്ചില്ല.
അധിനിവേശ വെസ്റ്റ് ബാങ്കിലെ മറ്റ് ഭാഗങ്ങളിലും ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റാമല്ലയ്ക്ക് വടക്കുകിഴക്കുള്ള അല്‍-മുഗയ്യര്‍ ഗ്രാമത്തില്‍ രാത്രിയില്‍ നടന്ന ആക്രമണത്തിനിടെ കുടിയേറ്റക്കാര്‍ ഒരു വീടിനും നിരവധി വാഹനങ്ങള്‍ക്കും തീവെച്ചു.
ഇസ്രഈല്‍ സേനയുടെ സംരക്ഷണത്തോടെ വന്‍തോതില്‍ കുടിയേറ്റക്കാര്‍ റാമല്ലയ്ക്ക് പടിഞ്ഞാറുള്ള ബെയ്തുനിയയിലും ജര്യൂട്ട് റോഡിലും പ്രവേശിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റക്കാര്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കുനേരെ ആക്രമണം നടത്തി.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ ഡമാസ്‌കസ് ഗേറ്റിനു സമീപം തിങ്കളാഴ്ച രാത്രി ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ രണ്ട് ഫലസ്തീന്‍ യുവാക്കളെ ആക്രമിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
Content Highlight: Israeli settlers set Palestinian homes and cars alight in West Bank rampage