| Sunday, 6th July 2025, 7:44 am

വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തി; ജർമൻ മാധ്യമപ്രവർത്തകരെ ആക്രമിച്ച് ഇസ്രഈലി കുടിയേറ്റക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ ജർമൻ മാധ്യമപ്രവർത്തകരെ ആക്രമിച്ച് ഇസ്രഈലി കുടിയേറ്റക്കാർ. ജർമൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഡച്ച് വെല്ലെയിലെ (ഡി.ഡബ്ല്യു) രണ്ട് പത്രപ്രവർത്തകരാണ് ആക്രമണത്തിനിരയായത്.

റാമല്ലയുടെ വടക്കുള്ള ഫലസ്തീൻ ഗ്രാമമായ സിൻജിൽ വച്ച് കുടിയേറ്റക്കാരുടെ അക്രമത്തിനെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലേഖകനും ക്യാമറാമാനും ആക്രമണത്തിന് ഇരയായത്. ഒരു കൂട്ടം ഇസ്രഈലി കുടിയേറ്റക്കാർ അവർക്ക് നേരെ കല്ലെറിയുകയും അവരെ സംഭവസ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്യുകയായിരുന്നു.

മാധ്യമ പ്രവർത്തകർക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും എന്നാൽ ക്യാമറാമാൻ സഞ്ചരിച്ച വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും ഡി.ഡബ്ല്യു പറഞ്ഞു. ആക്രമണസമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് അന്താരാഷ്ട്ര പത്രപ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. അവരും ഓടിപ്പോകാൻ നിർബന്ധിതരായിയെന്ന് ഡി.ഡബ്ല്യു പറഞ്ഞു.

ആക്രമണത്തെ അപലപിച്ച ഡി.ഡബ്ല്യു ഡയറക്ടർ പീറ്റർ ലിംബർഗ് സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രഈൽ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.

‘ഈ ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ല. ഞങ്ങൾ വളരെ വ്യക്തമായി ആവശ്യപ്പെടുന്നു, വെസ്റ്റ് ബാങ്കിലെ എല്ലാ പത്രപ്രവർത്തകരുടെയും സുരക്ഷ ഇസ്രഈൽ സർക്കാർ ഉറപ്പ് വരുത്തണം,’ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വെസ്റ്റ് ബാങ്കിലെ സുരക്ഷക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്രഈൽ സൈന്യം സംഭവത്തിൽ ആദ്യം പ്രതികരിച്ചില്ല. പിന്നീട് സംഭവം പുനപരിശോധിക്കുമെന്ന് ഒരു വക്താവ് പറഞ്ഞു.

ഇത് ആദ്യമായല്ല അധിനിവേശ വെസ്റ്റ് ബാങ്കിൽ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ ഉണ്ടാകുന്നത്. മെയ് മാസത്തിൽ, ഇസ്രഈൽ സേനയും കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 13 റിപ്പോർട്ടർമാർക്ക് പരിക്കേറ്റിരുന്നു.

റാമല്ലയുടെ കിഴക്കുള്ള അൽ-മുഗയ്യിർ ഗ്രാമത്തിൽ ഒരു ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ കുടിയേറ്റക്കാർ ഒരു പത്രപ്രവർത്തകന്റെ തലയിൽ വടികൊണ്ട് അടിച്ചിരുന്നു. ആക്രമണത്തിൽ പത്രപ്രവർത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഗസയിൽ ഇസ്രഈൽ മാധ്യമപ്രവർത്തകർക്കെതിരെ തുടരെത്തുടരെ ആക്രമണങ്ങൾ ഉണ്ടാകുന്നതിനിടെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂണിൽ പടിഞ്ഞാറൻ ഗസ സിറ്റിയിൽ ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഫലസ്തീൻ ഫോട്ടോ ജേണലിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.

2023 ഒക്ടോബർ മുതൽ നടക്കുന്ന യുദ്ധത്തിൽ ഗസയിൽ ഇതുവരെ 228 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

Content Highlight: Israeli settlers attack German journalists reporting on West Bank violence

We use cookies to give you the best possible experience. Learn more