| Wednesday, 24th June 2026, 8:34 am

കൊളംബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇസ്രഈല്‍ അട്ടിമറി; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗുസ്താവോ പെട്രോ

നിഷാന. വി.വി

ബൊഗാട്ട: ഇസ്രഈല്‍ രാജ്യത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്ന് നിലവിലുള്ള ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും പെട്രോ ആവശ്യപ്പെട്ടു.

ഞായാറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇവാന്‍ സെപെഡ വളരെ ചെറിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പിന്നാലെയായിരുന്നു പെട്രൊയുടെ പ്രതികരണം.

തീവ്ര വലതുപക്ഷ സ്ഥാനാര്‍തഥിയായ അബെലാര്‍ഡോ ഡി ലാ എസ്പ്രിയേസയെ വിജയിപ്പിക്കാന്‍ ഇസ്രഈലും അമേരിക്കയും ഇടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച വോട്ടിംഗ് സോഫ്റ്റ്വെയര്‍ സുരക്ഷിതമല്ലെന്നും അതില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പെട്രോ പറഞ്ഞു. ഔദ്യോഗിക വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ നാഷണല്‍ രജിസ്ട്രിയുടെ കീഴിലുള്ള നിരവധി സെര്‍വറുകളുടെ ഐ.പി വിലാസങ്ങളില്‍ മാറ്റം വരുത്തിയതായി തങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടിംഗ് കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ അട്ടിമറിക്കാന്‍ സോഫ്റ്റ്വൈയറില്‍ മറ്റാരോ കടന്നുകയറിയെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ലോകത്ത് ഇത്തരം ഒരു അട്ടിമറി നടത്താന്‍ ശേഷിയുള്ള ഏക രാജ്യം ഇസ്രഈല്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് സോഫ്റ്റ്വെയറിന്റെ ഫോറന്‍സിക് ഓഡിറ്റിംഗ് അടിയന്തരമായി നടത്താന്‍ ജഡ്ജിമാര്‍ക്ക് ഈ തെളിവുകള്‍ ഉടന്‍ കൈമാറുമെന്നും പെട്രോ വ്യക്തമാക്കി. ജനങ്ങളുടെ യഥാര്‍ത്ഥ വിധി പുറത്തുവരുന്നതിനായി വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും രാജ്യത്ത് സമാധാനം നിലനിര്‍ത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് അധികൃതരും അന്താരാഷ്ട്ര നിരീക്ഷകരും ഹാക്കിംഗ് ആരോപണങ്ങള്‍ നിഷേധിച്ചു. വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും സുതാര്യവും വിശ്വസനീയവുമായിരുന്നു എന്നാണ് അവരുടെ നിലപാട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍ പുതിയ കൊളംബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബെലാര്‍ഡോയെ അഭിനന്ദിക്കുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

Content Highlight: Israeli sabotage in Colombian presidential election; Gustavo Petro calls for judicial investigation

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more