| Friday, 19th June 2026, 7:50 pm

സി.പി.ഐ.എമ്മും ലീഗും കോണ്‍ഗ്രസും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തമിഴ്നാട്ടില്‍ ഇസ്രാഈല്‍ റഡാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു

സിജൊ

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്രഈല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐ.എ.ഐ) സ്ഥാപിക്കുന്ന റഡാര്‍ നിര്‍മാണ പ്ലാന്റ് പദ്ധതി അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകും. പ്ലാന്റില്‍ നിന്ന് 2027 ഏപ്രിലിന് ശേഷം റഡാറുകളുടെ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതിയെന്ന് ഐ.എ.ഐ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി പദ്ധതി പ്രദേശത്തെ ഭൂമി പൂജ ഈ വര്‍ഷം മെയ് അഞ്ചിന് നടന്നിരുന്നു.

കൃഷ്ണഗിരി ജില്ലയിലെ ശൂലഗിരി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് പ്ലാന്റിന്റെ നിര്‍മാണം നടക്കുന്നത്. ഐ.എ.ഐയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഐ.എ.ഐ ഇ.എല്‍.ടി.എ സിസ്റ്റംസ് ലിമിറ്റഡിന്റെയും ബെംഗളൂരു ആസ്ഥാനമായ പ്രതിരോധ നിര്‍മാണ സ്ഥാപനമായ ഡി.സി.എക്സ് സിസ്റ്റത്തിന്റെയും സംയുക്ത സംരഭമാണ് ഈ പദ്ധതി.

2027 ഏപ്രിലില്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. ഇവിടെ റഡാര്‍ സംവിധാനങ്ങളുടെ നിര്‍മാണം, ഏകീകരണം, ഗുണനിലവാര പരിശോധന എന്നിവയ്ക്കുള്ള സൗകര്യങ്ങളുണ്ടാവും. പ്ലാന്റില്‍ ഏത് തരം റഡാറുകളാണ് നിര്‍മിക്കുക എന്നത് പോലുള്ള പല വിവരങ്ങളും ഐ.എ.എ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

കഴിഞ്ഞ ഡി.എം.കെ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പുതുതായി അധികാരമേറ്റ ടി.വി.കെ സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.

2025 ഒക്ടോബറില്‍ തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രതിരോധ വ്യോമയാന നിക്ഷേപ സംഗമത്തില്‍ ഇസ്രഈലി കമ്പനികള്‍ പങ്കെടുത്തതിനെതിരെ അന്നത്തെ ഡി.എം.കെ സര്‍ക്കാരിലെ ഘടകകക്ഷികള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. സി.പി.ഐ, എം.എം.കെ എന്നീ കക്ഷികളായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത്.

സംഗമത്തില്‍ ഇസ്രഈലി കമ്പനികളെ പങ്കെടുപ്പിക്കരുതെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. അന്ന് ഗസയിലെ 65000ത്തിലധികം സാധാരണക്കാര്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരു പാര്‍ട്ടികളുടെയും വിമര്‍ശനം. ഇസ്രഈല്‍ വംശഹത്യ നടത്തുകയാണെന്നും ഫലസ്തീനിലെ ആക്രമണങ്ങളെ അപലപിച്ച മുന്‍ നിലപാടുമായി അന്നത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുന്നോട്ട് പോകണമെന്നും സി.പി.ഐയ്യും എം.എം.കെയും ആവശ്യപ്പെട്ടിരുന്നു.

ചെന്നൈയില്‍ അന്ന് നടന്ന നിക്ഷേപ സംഗമത്തില്‍ എയര്‍ബസ്, ബോയിങ്, ഡസ്സോ ഏവിയേഷന്‍, ഡി.ആര്‍.ഡി.ഒ, എച്ച്.എ.എല്‍, ബി.ഇ.എല്‍ എന്നിവ അടക്കം 300ലധികം സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. തമിഴ്നാട്ടില്‍ പ്രതിരോധ വ്യോമയാന ഇടനാഴി പദ്ധതിയിലേക്ക് 75,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു നിക്ഷേപ സംഗമം.

ശൂലഗിരിയില്‍ ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റ പദ്ധതിയില്‍ 850 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നതെന്നാണ് വിവരം. ഈ പദ്ധതിയില്‍ 170 ഓളം പേര്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലവസരങ്ങളുണ്ടാകും.

കഴിഞ്ഞ വര്‍ഷം നിക്ഷേപ സംഗമത്തിലെ ഇസ്രഈല്‍ കമ്പനികളുടെ സാന്നിദ്ധ്യത്തില്‍ സി.പി.ഐയും എം.എം.കെയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഈ വര്‍ഷം എ.ഐ.എയുടെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴോ അടുത്ത വര്‍ഷം പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം പുറത്തു വന്നപ്പോഴോ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പൊന്നും ഉയര്‍ന്നിട്ടില്ല.

സ്റ്റാലിന്‍ സര്‍ക്കാരിന്റെ സമയത്ത് അനുമതി ലഭിച്ച പദ്ധതിയുടെ ഭൂമിപൂജ നടന്നത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്ന സമയത്ത് തന്നെയാണ്. പിന്നീട് മെയ് 10ന് വിജയ്‌യുടെ നേതൃത്വത്തില്‍ ടിവികെ സര്‍ക്കാര്‍ ചുമതലയേറ്റു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.ഐ.എം, സി.പി.ഐ, വി.സി.കെ എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ച ശേഷമായിരുന്നു ടി.വി.കെ അധികാരമേറ്റത്.

സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികള്‍ പുറത്തു നിന്നുള്ള പിന്തുണയായിരുന്നു നല്‍കിയത്. മുസ്‌ലിം ലീഗും കോണ്‍ഗ്രസും വി.സി.കെയും മന്ത്രിസഭയില്‍ ഭാഗമായി. കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരും മുസ്‌ലിം ലീഗ് വി.സി.കെ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിമാരുമാണ് സഭയിലുള്ളത്.

അന്താരാഷ്ട്ര വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാത്ത പാര്‍ട്ടിയാണ് ടി.വി.കെ. അതിനാല്‍ തന്നെ ഇസ്രഈല്‍ സ്ഥാപനത്തിന്റെ നിര്‍മാണ പ്ലാന്റുമായി മുന്നോട്ട് പോകുന്നതില്‍ താരതമ്യേന പുതിയ പാര്‍ട്ടിയുടെ മുന്‍ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടില്ല. എന്നാല്‍ ഫലസ്തീന്‍ അനുകൂല നിലപാട് പല തവണ വ്യക്തമാക്കിയ പാര്‍ട്ടികളാണ് ടി.വി.കെയ്ക്ക് പിന്തുണ നല്‍കിയ സി.പി.ഐ.എം, സി.പി.ഐ, വി.സി.കെ, മുസ്‌ലിം ലീഗ് എന്നിവ. കോണ്‍ഗ്രസിന്റെ വിവിധ നേതാക്കളും ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിക്കുകയും ഫലസ്തീനെ പിന്തുണക്കുകയും ചെയ്തിരുന്നു.

ഡി.എം.കെ മുന്നണിയിലിരിക്കെ നിക്ഷേപ സംഗമത്തിലെ ഇസ്രഈല്‍ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിമര്‍ശനമറിയിച്ച പാര്‍ട്ടിയായ സി.പി.ഐയില്‍ നിന്നടക്കം ഇസ്രഈല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടില്ല. മുസ്‌ലിം ലീഗ്, സി.പി.ഐ.എം, വി.സി.കെ എന്നീ കക്ഷികള്‍ ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ച പാര്‍ട്ടികളാണ്. ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന സൈനികവും അല്ലാത്തതുമായ ആക്രമണങ്ങള്‍ക്കെതിരെ ഈ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പാര്‍ട്ടികളുടെ ഭാഗത്തു നിന്നും ഐ.എ.എ പ്ലാന്റിനെതിരെ വിമര്‍ശനങ്ങളോ എതിര്‍പ്പുകളോ ഉയര്‍ന്നിട്ടില്ല.

Content Highlight: Israeli radars to be made in Tamil Nadu from 2027: Israel Aerospace Industries (IAI) announced that it plans to commence manufacturing

സിജൊ

We use cookies to give you the best possible experience. Learn more