ടെല്‍അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കാന്‍ അറബ് പാര്‍ട്ടികളുമായി പ്രതിപക്ഷം സഖ്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇസ്രഈലികള്‍ തെരുവിലിറങ്ങി. അറബ് പാര്‍ട്ടികളോടുള്ള പ്രതികൂല മനോഭാവം മാറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
തെല്‍ അവീവും ജെറുസലേമും അടക്കമുള്ള നഗരങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ചുള്ള പ്രകടനങ്ങള്‍ നടന്നു. ‘അറബികളും ജൂതന്മാരും ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയിക്കൂ’, ‘മാറ്റത്തിനായി ഭൂരിപക്ഷമുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി ടെല്‍ അവീവില്‍ അഞ്ഞൂറോളം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
’67 സീറ്റുകള്‍ – നമ്മള്‍ ഒന്നിച്ചുനിന്നാല്‍ വിജയിക്കാം, ഭിന്നിച്ചാല്‍ ബിബി (നെതന്യാഹു) അധികാരത്തില്‍ വരും’, ‘നമ്മള്‍ വംശീയവാദികളല്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് ഒന്നിച്ചുകൂടാ?’ തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി ജെറുസലേമില്‍ നൂറോളം പേര്‍ റാലി നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്രഈള്‍ അറബ് ഭൂരിപക്ഷ പാര്‍ട്ടികള്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, ഇവരുമായി സഖ്യമുണ്ടാക്കണോ എന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
തെരഞ്ഞെടുപ്പില്‍ ഒരു പക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇസ്രായേലിലെ 120 അംഗ പാര്‍ലമെന്റില്‍ (നെസെറ്റ്) ഒരു മുന്നണിക്കും ഭൂരിപക്ഷത്തിന് വേണ്ട 61 സീറ്റ് നേടാനായില്ല. എന്നാല്‍ നെതന്യാഹുവിനെ എതിര്‍ക്കുന്ന, ജൂത ഭൂരിപക്ഷമുള്ള പാര്‍ട്ടികള്‍ 48 സീറ്റുകള്‍ നേടി. അതേസമയം, അറബ് ഭൂരിപക്ഷ പാര്‍ട്ടികളായ റാം, ജോയിന്റ് ലിസ്റ്റ് എന്നിവ ചേര്‍ന്ന് 19 സീറ്റുകള്‍ സ്വന്തമാക്കി.
ഈ രണ്ട് പക്ഷങ്ങളും തമ്മില്‍ സഖ്യമുണ്ടാക്കിയാല്‍, നെതന്യാഹുവിനെ എതിര്‍ക്കുന്ന മുന്നണിക്ക് 67 സീറ്റുകളെന്ന സുരക്ഷിതമായ ഭൂരിപക്ഷം ലഭിക്കും. എന്നാല്‍, പ്രതിപക്ഷ നിരയിലുള്ള ചില പാര്‍ട്ടികള്‍ ഈ ആശയത്തെ എതിര്‍ക്കുന്നുണ്ട്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 53 സീറ്റുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ നേടാനായത്.
ഇസ്രായേല്‍ സര്‍ക്കാരില്‍ അറബ് പാര്‍ട്ടികള്‍ ഔദ്യോഗികമായി പങ്കാളികളായത് ഒരേയൊരു തവണ മാത്രമാണ്. ‘റാം’ നേതാവ് മന്‍സൂര്‍ അബ്ബാസ്, 2021 മുതല്‍ 2022 വരെ നിലനിന്ന ഒരു സഖ്യസര്‍ക്കാരില്‍ അംഗമായിരുന്നു. വീണ്ടും അത്തരമൊരു സഹകരണത്തിന് തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ‘ജോയിന്റ് ലിസ്റ്റ്’ പ്രതിനിധിയായ യൂസഫ് ജബരീന്‍, ഗാസയിലെ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി, ഐസന്‍കോട്ടിന്റെ സര്‍ക്കാരില്‍ ചേരാതെ തന്നെ പാര്‍ലമെന്റില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ സന്നദ്ധത അറിയിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
അറബ് പാര്‍ട്ടികളുടെ പിന്തുണയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു സര്‍ക്കാര്‍ തനിക്ക് വേണ്ടെന്ന് ഐസന്‍കോട്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അറബ് പാര്‍ട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയെ ഐസന്‍കോട്ട് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല.
‘ഇസ്രായേലിനെ ഒരു ജൂത, ജനാധിപത്യ, ലിബറല്‍ രാഷ്ട്രമായി അംഗീകരിക്കുക’, ‘ഹമാസിനെ ഒരു ഭീകര സംഘടനയായി അംഗീകരിക്കുക’ എന്നീ നിബന്ധനകള്‍ അംഗീകരിക്കുന്നവരുമായി മാത്രമേ താന്‍ ഒരു ‘സയണിസ്റ്റ് സര്‍ക്കാര്‍’ രൂപീകരിക്കുകയുള്ളൂ എന്ന് ഐസന്‍കോട്ട് ഇതിനകം തന്ന വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ചയ്ക്കുള്ളില്‍, ഒരു പാര്‍ട്ടി നേതാവിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അധികാരം പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസത്തെ സമയപരിധിയുണ്ടാകും, കൂടാതെ 14 ദിവസത്തെ അധിക സമയവും ലഭിച്ചേക്കാം.
നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്‍ ജനറലും പ്രതിപക്ഷ നേതാവുമായ ഗാഡി ഐസന്‍കോട്ട് രാഷ്ട്രീയ ധൈര്യം കാണിക്കണമെന്ന് ഫലസ്തീന്‍ വംശജനായ നെസെറ്റ് അംഗം അഹ്‌മദ് തിബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തിബിയുടെ വെല്ലുവിളി.
Content Highlight: Israeli protesters demand opposition ally with Arab parties to oust Netanyahu