ജെറുസലേം: കിഴക്കന്‍ ജെറുസലേമിലെ മൂന്ന് യു.എന്‍.ആര്‍.ഡബ്ല്യൂ.എ സ്‌കൂളുകളില്‍ ഇസ്രഈല്‍ പൊലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചു പൂട്ടിയാതായി യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യു.എന്‍.ആര്‍.ഡബ്ല്യൂ.എ സ്‌കൂളുകളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ റെയ്ഡുകള്‍ നടന്നത്.
ഇസ്രഈലിന്റെ പുതിയ നിയമങ്ങള്‍ പ്രകാരം യു.എന്‍.ആര്‍.ഡബ്ല്യൂ.എയുടെ പ്രവര്‍ത്തനങ്ങള്‍ കിഴക്കന്‍ ജറുസലേമിലും ഇസ്രഈലിലും നിരോധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇസ്രഈല്‍ വിദ്യാഭ്യാസ മന്ത്രാലയം ഏപ്രിലില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളനുസരിച്ചാണ് ഈ നടപടി.
ഇതേതുടര്‍ന്ന് ആറ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനുള്ള ഉത്തരവുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിലൂടെ വര്‍ഷാന്ത്യ പരീക്ഷകള്‍ക്ക് ചുരുങ്ങിയ സമയം മാത്രം ബാക്കി നില്‍ക്കെ ഏകദേശം 800 കുട്ടികള്‍ക്ക് അവരുടെ വിദ്യാഭാസം നഷ്ട്ടമാകും.
റെയ്ഡിനിടെ ഇസ്രഈല്‍ സുരക്ഷാ സേന ഒരു സ്റ്റാഫ് അംഗത്തെ അറസ്റ്റ് ചെയ്തു. കൂടാതെ മറ്റു ജീവനക്കാരില്‍ നിന്ന് ഐ.ഡി നമ്പറുകള്‍ ശേഖരിക്കുകയും ക്ലാസ്സുകളില്‍ ഉണ്ടായിരുന്ന 550 കുട്ടികളെ വീട്ടിലേക്ക് വിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
വാഡി ജോസ്, സൂര്‍ ബഹര്‍, സില്‍വാന്‍ എന്നിവിടങ്ങളിലുള്ള മറ്റ് മൂന്ന് സ്‌കൂളുകളിലും പൊലീസ് കാവല്‍ നിലനിര്‍ത്തുകയും അവിടെ ക്ലാസ്സിലുണ്ടായിരുന്ന 250 കുട്ടികളെ സുരക്ഷയ്ക്കായി വീടുകളിലേക്ക് വിട്ടയച്ചുവെന്നും ജീവനക്കാര്‍ പറഞ്ഞു.
‘ഈ നടപടി യു.എന്‍ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങള്‍ക്കും ഇന്റര്‍നാഷണല്‍ നിയമങ്ങള്‍ക്കുമുള്ള വലിയ ലംഘനമാണ്. കുട്ടികള്‍ക്ക് ഈ അനുഭവം മനസികമായി വളരെയധികം ക്ഷോഭജനകമാണ്. അവര്‍ക്ക് അവരുടെ വിദ്യാഭ്യാസം നഷ്ടമാകാനുള്ള വലിയ ഭീഷണി നേരിടുകയാണ്,’ അനര്‍വായുടെ ഡയറക്ടര്‍ റോളന്‍ഡ് ഫ്രഡ്രിക് പറഞ്ഞു
1950 മുതല്‍ കിഴക്കന്‍ ജെറുസലത്തില്‍ യു.എന്‍.ആര്‍.ഡബ്ല്യൂ.എ സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ ഏജന്‍സി വെസ്റ്റ് ബാങ്കില്‍ ഉള്‍പ്പെടെ ഫസ്റ്റ് ഗ്രേഡ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിപ്പിക്കുന്ന 96 സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. മൊത്തത്തില്‍ ഏകദേശം 50,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്.
ഇതേ തുടര്‍ന്ന് 2025 മേയ് 2ന് ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് ഇസ്രഈല്‍ കയ്യേറിയ പ്രദേശങ്ങളില്‍ മനുഷ്യാവകാശ നിയമങ്ങള്‍ പാലിച്ചോ എന്നതിനെ കുറിച്ച് വിചാരണ നടത്തിയിരുന്നു. കോര്‍ട്ടില്‍ വാദിച്ച പല രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രഈല്‍ ലംഘിച്ചുവെന്നും സഹായം തടയുന്ന നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍ യു.എന്‍.ആര്‍.ഡബ്ല്യൂ.എ അവരുടെ സേവനങ്ങള്‍ തുടരുമെന്നും ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
Content Highlight: Israeli police close three UNRWA schools; 800 children will miss out on education